ദേവീ ക്ഷേത്രങ്ങളിലെ കുത്തിയോട്ട വഴിപാടിനായി വ്രതമെടുക്കുന്ന ബാലന്മാരുടെ മുഖത്ത് മനയോലയിട്ട് അരിമാവുകൊണ്ട് വെളുത്ത പുള്ളി കുത്തുന്നു. ശരീരത്തിലും പുള്ളി കുത്തുന്നു. വസൂരിയെയാണ് ഇത് സൂചിപ്പിക്കുന്നത്. തലയില്‍ മുകള്‍ വശം പരന്നതും സ്വര്‍ണ്ണനിറത്തിലുള്ളതുമായ ഒരു തൊപ്പി വച്ചിരിക്കും. അരയില്‍ ചല്ലടം എന്ന വസ്ത്രം ധരിക്കുന്നു. ഇതിനു മുകളില്‍ വാഴയിലയും പിന്നെ കച്ചപ്പുറം എന്ന അരത്താലിയും അണിയുന്നു.
കാലില്‍ ചിലങ്കയോ കാല്‍ത്തളയോ ഉണ്ടാകും. കഴുത്തില്‍ തെച്ചിപ്പൂ മാലയും സ്വര്‍ണ്ണമാലയും അണിയുന്നു. ചിലയിടങ്ങളില്‍ കൃഷ്ണന്റെ രൂപത്തിലും കുട്ടിയെ ഒരുക്കാറുണ്ട്.
മറ്റു കലകളുമായുള്ള ബന്ധം
പല നാടന്‍ കലകളുമായും കുത്തിയോട്ടത്തിന് ബന്ധമുണ്ട്. പടയണി, ചാവര്‍കളി, പരിചമുട്ടുകളി എന്നിവയുമായുള്ള ബന്ധമാണ് പ്രധാനം. ഇവയുടെ ചുവടുകള്‍ക്ക് കുത്തിയോട്ടത്തിനോട് സാദൃശ്യമുണ്ട്. കളരിപ്പയറ്റിന്റെ അഭ്യാസ മുറകളോടും സാമ്യം കാണാം.