സ്ത്രീ പുരുഷന്മാര് ജനിച്ച നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള പൊരുത്ത നിര്‍ണ്ണയമാണിത്. സ്ത്രീ നക്ഷത്രത്തില്‍ നിന്ന് മൂന്നും ഏഴും നാളുകളില്‍ ജനിച്ച പുരുഷന് മോശമാണ്. അഞ്ചാം നാളില്‍ ജനിച്ച പുരുഷനും അശുഭനാണ്. സ്ത്രീ ജനിച്ച നക്ഷത്ര പാദത്തില്‍ നിന്ന് എമ്പത്തെട്ടാമത്തേത് മുതലുള്ള നക്ഷത്ര പാദത്തിലും നൂറ്റിയെട്ടാമത്തെ നക്ഷത്ര പാദത്തിലും ജനിച്ച പുരുഷനേയും ഒഴിവാക്കണം.
സ്ത്രീദീര്‍ഘപ്പൊരുത്തം
സ്ത്രീയുടെ ജന്മ നക്ഷത്രം തുടങ്ങി പുരുഷന്റെ ജന്മനക്ഷത്രം വരെ എണ്ണിയാല്‍ വരുന്ന സംഖ്യ 15 ല്‍ കൂടുകയാണെങ്കില്‍ ഏറ്റവും ശുഭകരമായ സ്ത്രീ ദീര്ഘപ്പൊരുത്തമായി അതിനെ കണക്കാക്കാം. 15 ല്‍ നിന്നും കുറയുന്തോറും ശുഭസ്വഭാവം കുറഞ്ഞു വരും.
ദോഷങ്ങള്‍
ചൊവ്വയുടെ നിലയെ അടിസ്ഥാനപ്പെടുത്തി സ്ത്രീ പുരുഷ ജാതകത്തിലെ പാപ സാമ്യം കണക്കാക്കാറുണ്ട്. പാപങ്ങളുടെ ആകെത്തുക ഏതാണ്ട് തുല്യമായി വരുന്നത് ഉത്തമമാണ്. രജ്ജു, വേധം എന്നിവയാണ് വിവാഹപ്പൊരുത്തത്തിന് കണക്കാക്കുന്ന ദോഷങ്ങള്‍.
രജ്ജു:
ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം എന്നീ നക്ഷത്രങ്ങളില്‍ സ്ത്രീ പുരുഷന്മാരുടെ നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ടാല്‍ മധ്യമ രജ്ജു ദോഷം ഉണ്ടാവുന്നു.
വേധം:
അശ്വതി - കേട്ട, ഭരണി - അനിഴം, തിരുവാതിര - തിരുവോണം, വിശാഖം- കാര്‍ത്തിക, ചോതി - രോഹിണി, മൂലം - ആയില്യം, മകം - രേവതി, പൂയം - പൂരാടം, പുണര്‍തം - ഉത്രാടം, ഉത്തൃട്ടാതി - പൂരം, അത്തം - ചതയം, പൂരുരുട്ടാതി - ഉത്രം ഈ നാളുകള്‍ തമ്മില്‍ പരസ്പര വേധമുണ്ട്. അതുപോലെ മകയിരം, ചിത്തിര, അവിട്ടം ഈ നാളുകള്‍ തമ്മിലും പരസ്പരവേധമുണ്ട്. അതുകൊണ്ട് ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ പുരുഷന്മാര് തമ്മില്‍ വിവാഹം പാടില്ല.