മണ്ണാറപ്പാറ ഒഴുത്തൊട്ടില്‍ ഷാജി-ലിസി ദമ്പതിമാരുടെ മകന്‍ ജിനിലിന്‍റെ കാലിലെ ജന്മനായുള്ള വൈകല്യം അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥ പ്രാര്‍ഥനയുടെ ഫലമായി സുഖപ്പെട്ട അത്ഭുതപ്രവൃത്തി 2007 ജൂണ്‍ ഒന്നിനു മാര്‍പാപ്പ അംഗീകരിച്ചു.
ഇതോടെയാണ് 54 വര്‍ഷം നീണ്ട നാമകരണ നടപടികള്‍ പൂര്‍ത്തിയായത്.
1910 ഓഗസ്റ്റ് 19നു ജനിച്ച അല്‍ഫോന്‍സാമ്മ കുടമാളൂര്‍ സെന്‍റ് മേരീസ് പള്ളിയിലാണു ജ്ഞാനസ്നാനം ചെയ്യപ്പെട്ടത്. അന്ന എന്നായിരുന്നു മാമ്മോദീസാ പേര്. അന്നക്കുട്ടി എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു. 1927ല്‍ ഭരണങ്ങാനം ക്ളാരമഠത്തില്‍ ചേര്‍ന്നു. അല്‍ഫോന്‍സ എന്ന പേര് സ്വീകരിച്ചു.
1936 ഓഗസ്റ്റ് 12നു നിത്യവ്രത വാഗ്ദാനം നല്‍കി കന്യാസ്‌ത്രീയായി. രോഗപീഡകളെ പ്രാര്‍ഥനയും സഹനവുംകൊണ്ട് അതിജീവിച്ചു പൂര്‍ണമായും ദൈവികാനുഭൂതിയില്‍ ജീവിച്ച അവര്‍ 1946 ജൂലൈ 28ന് ആണ് അന്തരിച്ചത്.
കുട്ടികളുടെ മധ്യസ്ഥയായി മാറിയ അല്‍ഫോന്‍സാമ്മയോടു പ്രാര്‍ഥിക്കാന്‍ വിദൂരദേശങ്ങളില്‍നിന്നു പോലും വിശ്വാസികള്‍ എത്തിത്തുടങ്ങി. അതേ തുടര്‍ന്നാണ് 1953 ഡിസംബര്‍ 12നു കര്‍ദിനാള്‍ ടിസറാങ്ങ് നാമകരണത്തിനായുള്ള രൂപതാ കോടതി ആരംഭിച്ചത്.