സഞ്ജയ് ദത്തിന് ജാമ്യം

PTI
മുംബൈ സ്ഫോടന കേസില്‍ ടാഡാ കോടതി ആറു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അനധികൃതമായി ആയുധങ്ങള്‍ കൈവശം സൂക്ഷിച്ച കുറ്റത്തിനാണ് ദത്ത് ശിക്ഷിക്കപ്പെട്ടത്.

ആയുധ നിയമപ്രകാരം ദത്തിന്‍റെ പേരിലുള്ള കേസ് ജാമ്യം ലഭിക്കാവുന്ന തരത്തിലുള്ളതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി ബി ഐയും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ദത്തിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ പാസ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇപ്പോള്‍ പൂനെയിലെ യേര്‍വാദ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ദത്തിന്‍റെ ജാമ്യപേക്ഷ കഴിഞ്ഞ ഒക്‍ടോബര്‍ 20ന് പരിഗണനക്ക് വന്നപ്പോള്‍ അതു കോടതി നവംബര്‍ 27ലേക്ക് മാറ്റുകയായിരുന്നു. ജൂലായ് 31ന് ടാഡാ കോടതി ദത്തിന്‍റെ ശിക്ഷ വിധിച്ചെങ്കിലും ഓഗസ്റ്റ് 20 ന് സുപ്രീം കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍ ടാഡാ കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഒക്‍ടോബര്‍ 22ന് ദത്തിനെ യേര്‍വാദ ജയിലിലേക്ക് മടക്കി അയക്കുകയായിരുന്നു.

തനിക്കെതിരെയുള്ള ആരോപണം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ദത്ത് അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.
വിചാരണവേളയില്‍ ദത്ത് 16 മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.


ന്യൂഡല്‍ഹി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :