ഹൈദരാബാദില്‍ സ്ഫോടനം: 20 മരണം

ഹൈദരാബാദ്| WEBDUNIA| Last Modified ശനി, 25 ഓഗസ്റ്റ് 2007 (21:41 IST)

ഹൈദരാബാദില്‍ ശനിയാഴ്ച രാത്രി ഒരേ സമയം രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ മരിക്കുകയും 60 ഓളം പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു എന്ന് ആദ്യം ലഭിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ടി.വി.ചാനലുകള്‍ പറയുന്നത് 3 പേര്‍ മരിച്ചു എന്നും 6 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ് പറയുന്നത്. വിശദ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഹൈദരാബാദില്‍ ലേസര്‍ ഷോ നടന്നുകൊണ്ടിരിക്കുന്ന ലുംബിനി പാര്‍ക്കിലെ ഓഡിറ്റോറിയത്തിലാണ് ഒരു സ്ഫോടനം നടന്നത്. ഇവിടെ 8 പേര്‍ മരിച്ചു. വളരെ ശക്തിയേറിയ സ്ഫോടനമാണ് നടന്നത്. സ്ഫോടനത്തില്‍ ശരീരങ്ങള്‍ ആകാശത്തിലൂടെ ചിന്നിച്ചിതറി തെറിച്ചു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

രണ്ടാമത്തെ സ്ഫോടനം കോട്ടി ഭാഗത്തെ ഗോകുല്‍ ചാക്ഭണ്ഡാറിലാണ് നടന്നത് ഇവിടെ 12 പേര്‍ മരിച്ചു. സ്ഫോടനത്തിന് ഉത്തരവാദികള്‍ ആരാണെന്നോ ഇതിനു പിന്നില്‍ സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. സ്ഫോടനത്തിന് ആര്‍.ഡി.എക്സ് ആണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും പ്ലാസ്റ്റിക് ബോംബുകളാണോ ഉപയോഗിച്ചതെന്നും സംശയിക്കുന്നുണ്ട്. സ്ഫോടനം നടന്നതിനടുത്തായി ഒരു ഗ്യാസ് സിലിണ്ടര്‍ കണ്ടതായി പൊലീസ് പറയുന്നു. രാത്രി വൈകിയിട്ടും ഓഡിറ്റോറിയത്തിനകത്ത് പൊലീസ് തെരച്ചില്‍ തുടരുകയാണ്.

പരിഭ്രാന്തരാവരുതെന്നും സംയമനം പാലിക്കണമെന്നും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി അഭ്യര്‍ത്ഥിച്ചു. വളരെ ആസൂത്രിതമായ രീതിയിലാണ് സ്ഫോടനങ്ങള്‍ നടത്തിയതെന്നാണ് പൊലീസിലെ ഉന്നതര്‍ കരുതുന്നത്. അന്തര്‍ദ്ദേശീയ ഭീകര സംഘടനകളുടെ പങ്കാളിത്തം ഇതിലുണ്ടെന്ന് വ്യക്തമാണെന്നും അവര്‍ സൂചിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :