തസ്ലീമയ്ക്കെതിരെ ആക്രമണം

SASIWD
ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമാ നസ്രീനെ ഹൈദരാബാദ് പ്രസ് ക്ലബ്ബില്‍ മജിദ്-ഇത്തെഹാദ്-ഉള്‍-മുസ്ലിമീന്‍ ( എം ഐ എം) പ്രവര്‍ത്തകര്‍ ആക്രമിച്ചു. എം എല്‍ എമാരായ അഫ്സര്‍ ഖാന്‍, അഹമ്മദ് പാഷാ, മോസും ഖാന്‍ എന്നിവരാണ് ഇവര്‍ക്ക് നേതൃത്വം നല്‍കിയത്.

തസ്ലീമയുടെ പുതിയ പുസ്തകമായ ഷോധിന്‍റെ തെലുങ്കു തര്‍ജ്ജമയുടെ പ്രകാശനച്ചടങ്ങ് നടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്‍റെ ടിവി ദൃശ്യങ്ങളില്‍ എം ഐ എം പ്രവര്‍ത്തകര്‍ തസ്ലീമയ്ക്കെതിരെ കസേരകള്‍ വലിച്ചെറിയുന്നതും മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു.

ആക്രമണത്തില്‍ തസ്ലീമയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. പോലീസും പത്രപ്രവര്‍ത്തകരും യഥാസമയം തടഞ്ഞതു കൊണ്ട് കൂടുതല്‍ അപകടം ഒഴിവായി. ചടങ്ങ് അവസാനിക്കാറായപ്പോള്‍ എം ഐ എം പ്രവര്‍ത്തകര്‍ സമ്മേളനം നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറുകയും ആക്രമണം അഴിച്ചുവിടുകയും ആയിരുന്നു.

ഹാളിലെ ഫര്‍ണ്ണിച്ചറുകളും ചില്ലുവാതിലും അവര്‍ തകര്‍ത്തു. എം എല്‍ എമാരെയും അനുയായികളേയും പോലീസെത്തി കസ്റ്റഡിയില്‍ എടുത്തു. പിന്നീട് തസ്ലീമയെ പോലീസ് സംരക്ഷണത്തില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഏതാനും മാധ്യമപ്രവര്‍ത്തകരും അവരെ അനുഗമിച്ചു.

‘ഇസ്ലാമിനെ വിമര്‍ശിക്കുന്നത്’ എന്നു മുദ്രകുത്തി ഇസ്ലാമിക രാഷ്ട്രങ്ങള്‍ അവരുടെ പുസ്തകങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പലയിടത്തും അവര്‍ക്കെതിരെ ഫത്‌വകള്‍ നിലവിലുണ്ട്. ലജ്ജ, ദ്വിഖോന്‍‌ഡിതോ എന്നീ പുസ്തകങ്ങളാണ് മുസ്ലിം തീവ്രവാദികളുടെ കണ്ണിലെ കരടായിട്ടുള്ളത്.

ഹൈദരാബാദ്| WEBDUNIA|
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങളുടെ കഥയാ‍ണ് തസ്ലീമ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ക്കു നേരെയുണ്ടാകുന്ന പീഡനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇതുവരെ അറുതിവന്നിട്ടില്ല. ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :