93 സ്‌ഫോടനം:യാക്കൂബ് മേമന് വധശിക്ഷ

മുംബൈ| WEBDUNIA|
1993 ലെ മുംബൈ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍, ടൈഗര്‍ മേമന്‍റെ സഹോദരന്‍ യാക്കൂബ് മേമന് മുംബൈ പ്രത്യേക ടാഡ കോടതി വധ ശിക്ഷ വിധിച്ചു. മേമന്‍ കുടുംബത്തിലെ മറ്റ് മൂന്നു പേരെ ജീവപര്യന്തം തടവിനും പ്രത്യേക ടാഡ കോടതി ശിക്ഷിച്ചു.

ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സ്‌ഫോടനത്തിന് വേണ്ട ചെലവിനായുള്ള തുകയും കൊണ്ടു വരികയും വിതരണം ചെയ്തുവെന്നുമാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റായിരുന്ന യാക്കൂബിന്‍റെ പേരിലുള്ള കുറ്റം. സ്ഫോടനം നടത്തിയവര്‍ക്ക് യാത്രാ സൌകര്യം ഏര്‍പ്പെടുത്തിയതും യാക്കൂബ് ആണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സ്‌ഫോടന കേസിലെ മുഖ്യ പ്രതി ടൈഗര്‍ മേമന്‍റെ സഹോദരന്‍ സുലൈമാന്‍റെ ഭാര്യ റൂബിന മേമന്‍, മേമന്‍റെ സഹോദരന്‍‌മാരായ യൂസഫ്, ഈസാ എന്നിവര്‍ക്കുമാണ് ജീവപര്യന്തം തടവ് ലഭിച്ചത്.

ഭീകര പദ്ധതിക്ക് വേണ്ടി സ്വന്തം കാര്‍ ഉപയോഗിക്കാന്‍ അനുവദിച്ചു എന്നതാണ് റൂബിനയുടെ പേരിലുള്ള കുറ്റം. ഗൂഡാലോചന യോഗങ്ങള്‍ നടത്തുന്നതിനായി യൂസഫും ഈസയും തങ്ങളുടെ ഫ്ലാറ്റുകള്‍ നല്‍കി എന്നതാണ് ഇവരുടെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ളത്. സുലൈമാനേയും മേമന്‍റെ മാതാവ് ഹനീഫയേയും യാക്കൂബിന്‍റെ ഭാര്യ റഹീനേയും കോടതി കുറ്റവിമുക്തമാക്കിയിരുന്നു. കേസില്‍ കുറ്റക്കാരനായ മേമന്‍റെ പിതാവ് അബ്ദുള്‍ റസാഖ് മേമന്‍ വിചാരണ നടക്കുന്നതിനിടയില്‍ മരിച്ചു.

എന്നാല്‍, ആയുധ നിയമ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശിക്ഷ വിധിക്കുന്നത് ജൂലൈ 31 ലേക്ക് മാറ്റി.

1993ല്‍ മുബൈയില്‍ 14 സ്ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനങ്ങളില്‍ 257 ആളുകള്‍ മരിക്കുകയും 700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതു വരെ 11 പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്.

സ്ഫോടനം നടക്കുന്നതിന് ഒരു ദിവസം മുമ്പ് യാക്കൂബ് ദുബായിലേക്ക് പോയിരുന്നു. തുടര്‍ന്ന് 1994 ജൂലൈ 28 ന് അദ്ദേഹം തിരിച്ചു വന്ന് സി‌ബി‌ഐക്കു മുമ്പാകെ കീഴടങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :