പ്രതിഭ ഇന്ത്യന്‍ ചരിത്രത്തിലേക്ക്

Prathiba Patel
KBJWD
ജൂലൈ 21,2007 ന് ഇന്ത്യയുടെ ചരിത്രത്തില്‍ പ്രതിഭ പാട്ടീല്‍ എന്ന അഭിഭാഷക ഒരു പുതിയ അധ്യായം എഴുതി ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടനാ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ ദര്‍ശിക്കാത്ത മത്സര മനോഭാവമായിരുന്നു ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥി ഭെറോണ്‍ സിംഗ് ശേഖാവത്ത് ആയിരുന്നുപ്രതിഭയ്ക്കെതിരെ മത്സരിച്ചത്. ശേഖാവത്തിനെതിരെ ആധികാരിക ജയം നേടിയ പ്രതിഭ ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതി പദത്തിലാണ് എത്തിയിരിക്കുന്നത്.

പ്രതിഭാപാട്ടീല്‍ 6,38,116 വോട്ടുകള്‍ നേടിയപ്പോള്‍ ശേഖാവത്തിന് 3,31,306 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതിഭയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് എന്‍ ഡി എമുന്നണി ആയുധമാക്കിയത്. ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കെതിരെ അഴിമതി ആരോപണം ഉണ്ടാവുന്നതും ആദ്യമായിരുന്നു.

പ്രതിഭയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ സോണിയ ഗാന്ധിക്ക് യു പി എ കക്ഷികളുടെ പ്രത്യേകിച്ച് ഇടതു പക്ഷത്തിന്‍റെ പിന്തുണ ഉറപ്പാക്കാനായി. എന്നാല്‍, മറുവശത്ത് എന്‍ ഡി എയുടെ ദീര്‍ഘകാല ബന്ധുവായ ശിവസേന മഹാരാഷ്ട്രക്കാരിയായ പ്രതിഭയ്ക്ക് പിന്തുണ നല്‍കിയത് മുന്നണിയില്‍ വിള്ളലുണ്ടാക്കി.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് സമയത്ത് പിറന്ന മൂന്നാം മുന്നണിയും വോട്ടെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലായി. കലാമിനെ രണ്ടാമതും മത്സരിപ്പിക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞ മൂന്നാം മുന്നണി അവസാനം വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചു.

അവസാനം മൂന്നാം മുന്നണിയുടെ നെടും തൂണായ എ ഐ ഡി എം കെ, എന്‍ ഡി എയ്ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതിലൂടെ മൂന്നാം മുന്നണിയിലും ഒരിക്കലും ഭേദമാവാത്ത വിധം അഭിപ്രായ വ്യത്യാസം ഉടലെടുത്തു.

ഇതോടെ, പ്രതിഭ പാട്ടീല്‍ മത്സരിക്കും മുമ്പേ ജയിച്ച സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.

ന്യൂഡല്‍ഹി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :