സാഹിബ്സിംഗ്‌വര്‍മ്മ വാഹനാപകടത്തില്‍ മരിച്ചു

Sahib singh varmma
ന്യൂഡല്‍ഹി| WEBDUNIA|
File
ഡല്‍‌ഹി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാഹിബ് സിംഗ് വര്‍മ്മ (64) വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

ഡല്‍ഹിയിലേക്ക് ഉള്ള യാത്രാമധ്യേ രാജസ്ഥാനിലെ ഷാജഹാന്‍പൂരിനടുത്ത് വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടമുണ്ടാ‍യത്. വര്‍മ്മ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്‍.‌ഡി.എ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായും വര്‍മ്മ സേവനമനുഷ്ഠിച്ചിരുന്നു. ഡല്‍ഹിയിലെ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സാഹിബ് സിംഗ് വര്‍മ്മ.

1943 മാര്‍ച്ച് 15 ന് ഒരു കര്‍ഷക കുടുംബത്തിലാണ് സാഹിബ് സിംഗ് വര്‍മ്മ ജനിച്ചത്. ലൈബ്രറി സയന്‍സില്‍ ബിരുദം നേടിയ വര്‍മ്മ ഡല്‍ഹി സര്‍വ്വകലാശാലയില്‍ ലൈബ്രേറിയനായിരുന്നു. ആര്‍.എസ്. എസ്. പ്രവര്‍ത്തകനായാണ് അദ്ദേഹം സാമൂഹ്യസേവനം തുടങ്ങുന്നത്.

1993ല്‍ ഡല്‍ഹി നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന വര്‍മ്മ 1996 മുതല്‍ 98 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. പിന്നീട് എ.ബി.വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി.

ഡല്‍ഹിയിലെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രകൃതി വാതകം നിര്‍ബന്ധമാക്കിയത് വര്‍മ്മ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ജാട്ട് സമുദായത്തെ ബി.ജെ.പിയുമായി അടുപ്പിക്കുന്നതിന് വലിയ പങ്ക് വര്‍മ്മ വഹിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :