അഴീക്കോട് സമൂഹത്തില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വം: പിണറായി

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (10:46 IST)
PRO
PRO
കേരളസമൂഹത്തില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമാണ് സുകുമാര്‍ അഴീക്കോടിന്റേതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.അനീതിക്കെതിരെ എപ്പോഴും നിലകൊണ്ട അഴീക്കോടിന്റെ ശബ്ദം സമൂഹത്തിലെ നീതികേടിനെതിരെ ആയിരുന്നെന്നും പിണറായി അനുസ്മരിച്ചു.

പ്രഭാഷണം ഒരു കലയായി വളര്‍ത്തിയെടുത്ത അഴീക്കോട് വിശ്രമ രഹിതമായ പ്രവര്‍ത്തനത്തിലൂടെ രണ്ട് നൂറ്റാണ്ടുകളെ ബന്ധിപ്പിക്കാനുള്ള ധീരത കാണിച്ചെന്നും പിണറായി പറഞ്ഞു. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ വ്യക്തിപരമായിരുന്നുവെന്ന് ആരെങ്കിലും സംശയിച്ചിട്ടുണ്ടെങ്കില്‍ അത് മാഷിനെ മനസിലാക്കാത്തതുകൊണ്ടാണെന്നും പിണറായി പറഞ്ഞു.

ശക്തനായ കോണ്‍ഗ്രസുകാരനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വേദികളില്‍ തിളങ്ങിയ പ്രാസംഗികനായിരുന്നു. എന്നാല്‍ തന്റെ പ്രതീക്ഷയ്ക്കനുസരിച്ച് കോണ്‍ഗ്രസ് മാറാത്തതിനാല്‍ പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് അകലുകയായിരുന്നെന്നും പിണറായി ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് അദ്ദേഹം സി പി എമ്മുമായി സഹകരിക്കുകയായിരുന്നു. സഹകരിക്കുമ്പോള്‍ തന്നെ രുചിക്കാത്ത കാര്യങ്ങള്‍ വന്നാല്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നെന്നും പിണറായി പറഞ്ഞു. എന്നാല്‍ അഴീക്കോടിന്റെ വിമര്‍ശനങ്ങളെ നിഷേധാത്മകമായി പാര്‍ട്ടി കണ്ടിട്ടില്ലെന്നും പിണറായി അനുസ്മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :