അരവണ ഭക്തരുടെ പാ‍ത്രങ്ങളില്‍ നല്‍കും

പത്തനംതിട്ട| M. RAJU| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2007 (17:19 IST)
ശബരിമലയില്‍ ഭക്തര്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ അരവണ വിതരണം ചെയ്യാന്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

അരവണ പ്രശ്നമായിരുന്നു യോഗത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയം. അരവണയ്ക്ക് ശബരിമലയില്‍ ഇപ്പോള്‍ ക്ഷാമം ഇല്ലെന്നും ഇത് നല്‍കാനുള്ള ടിന്നിനാണ് ക്ഷാമമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഭക്തര്‍ കൊണ്ടു വരുന്ന പാത്രങ്ങളില്‍ അരവണ തൂക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

യോഗത്തില്‍ പങ്കെടുത്ത ദേവസ്വം മന്ത്രി ജി.സുധാകരനാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പമ്പയിലും ഇതുപോലെ അരവണ നല്‍കാന്‍ സാധിക്കുമോയെന്ന കാര്യം പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഇതിലൂടെ അരവണ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കില്‍ അവരെ താഴെയെത്തിക്കുന്നതിനായി ഒരു ഹെലിപ്പാഡ് നിര്‍മ്മിക്കാനുള്ള സാധ്യതയും ആരാഞ്ഞു.

ഇത്തരമൊരു നിര്‍ദ്ദേശം ആഭ്യന്തരവകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതായും ഇത് പരിശോധിക്കണമെന്നും ദേവസ്വം മന്ത്രി യോഗത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :