തറവാട്ടിലേക്ക് മടങ്ങാം - കരുണാകരന്‍

Karunakaran
KBJWD
സോണിയാഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകര്‍ന്നുകൊണ്ട് നമുക്ക് തറവാട്ടിലേക്ക് മടങ്ങാമെന്ന് കെ.കരുണാകരന്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ സമീപനത്തില്‍ മാറ്റമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ടാഗോ‍ര്‍ തിയേറ്ററില്‍ ചേര്‍ന്ന എന്‍.സി.പിയിലെ കരുണാകരപക്ഷത്തിന്‍റെ നേതൃയോഗത്തിലായിരുന്നു കോണ്‍ഗ്രസിലേക്ക് മടങ്ങുന്ന പ്രഖ്യാപനം കരുണാകരന്‍ നടത്തിയത്. ഏകദേശം പതിനഞ്ച് മിനിട്ട് നീണ്ട് നിന്ന പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി നമുക്ക് മുന്നോട്ട് പോകാമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏത് പഞ്ചായത്തില്‍ ചെന്നാലും കോണ്‍ഗ്രസിന്‍റെ ത്രിവര്‍ണ്ണ പതാക കാണാതിരിക്കില്ല. അത്രയ്ക്ക് അടിസ്ഥാനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രണ്ടര വര്‍ഷക്കാ‍ലം തെറ്റ് കാണിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളെ താന്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ സമീപനത്തില്‍ മാറ്റമുണ്ട്.

തെറ്റ്‌ ഏറ്റുപറയുകയാണ്‌. കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ തെറ്റായിപ്പോയി. തെറ്റുകള്‍ തിരുത്തുക എന്നതാണ് ഗാന്ധിജി കാണിച്ചുതന്ന മാതൃക. ഗാന്ധിയനാണെന്ന്‌ അവകാശപ്പെടാനുള്ള അര്‍ഹത തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തു പ്രയാസമുണ്ടായാലും നേരിന്‍റെ പാതയിലൂടെ സഞ്ചരിക്കുന്ന സോണിയാഗാന്ധിക്ക് ശക്തിപകര്‍ന്നുകൊണ്ട് നമുക്ക് തറവാട്ടിലേക്ക് മടങ്ങാം. മുരളീധരനും ഇന്ന്‌ അല്ലെങ്കില്‍ നാളെ തിരിച്ചുവരാതിരിക്കാന്‍ ആവില്ല. വരും, വരണം. അല്ലാതെ എവിടെ പോകാനാണ്‌? നേര്‍വഴി ചിന്തിക്കുന്ന ആളുകള്‍ക്ക്‌ ഇവിടെ എത്തിച്ചേരാതിരിക്കാനാവില്ല.

തിരുവനന്തപുരം| M. RAJU|
എന്നാല്‍ ഇപ്പോള്‍ വരാത്തവരെ പേരെടുത്തുപറഞ്ഞു കുറ്റപ്പെടുത്തരുത്‌. തന്‍റെ തീരുമാനം അനുസരിക്കാന്‍ സന്നദ്ധരായ അണികളാണു തന്‍റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. 1500ഓളം പ്രവര്‍ത്തകരാണ് ടാഗോര്‍ തിയേറ്ററിലെത്തിയത്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലെ അംഗത്വം സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :