ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടുന്നു

തിരുവനന്തപുരം| M. RAJU| Last Modified ശനി, 8 ഡിസം‌ബര്‍ 2007 (09:44 IST)
തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടുന്നു. ഇതിന്‍റെ ഭാഗമായി ഫെബ്രുവരി 29 മുതല്‍ പുസ്തക വിതരണം നിര്‍ത്തിവയ്ക്കും.

ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ്‌ കൗണ്‍സില്‍ കള്‍ച്ചറല്‍ അഫയേഴ്‌സ്‌ മിനിസ്റ്റര്‍ റോഡ്പ്രൈഡാണ്‌ തിരുവനന്തപുരത്തെ ബ്രിട്ടീഷ്‌ ലൈബ്രറി അടച്ചുപൂട്ടാനുള്ള തീരുമാനം അറിയിച്ചത്‌. മാര്‍ച്ച്‌ അവസാനം ലൈബ്രറി പൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവിടത്തെ പുസ്തകശേഖരം ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ മറ്റ്‌ ലൈബ്രറികള്‍ക്ക്‌ നല്‍കും.

1964 ഏപ്രില്‍ ഒന്നിനാണ് ബ്രിട്ടീഷ് ലൈബ്രറി തലസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. പുതിയ ഇംഗ്ലീഷ്‌ പുസ്തകങ്ങളും ബ്രിട്ടനിലെ പത്രങ്ങളും മാസികകളും വിജ്ഞാനവും വിനോദവും നിറഞ്ഞ ഓഡിയോ, വീഡിയോ കാസെറ്റുകളും ഇവിടെ നിന്നും ആവശ്യക്കാര്‍ക്ക് ലഭ്യമായിരുന്നു. ബ്രിട്ടനിലും മറ്റും ജോലിക്ക്‌ പോകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്‌ സഹായവുമായിരുന്നു ഈ സ്ഥാപനം.

ഏകദേശം ആറായിരത്തിയഞ്ഞൂറില്‍പരം മെമ്പര്‍മാര്‍ ഈ ലൈബ്രറിക്ക്‌ ഉണ്ട്‌. 25000 പുസ്തകങ്ങളും 1700 ഡി.വി.ഡി., സി.ഡി. ഓഡിയോകളും ഇവിടെയുണ്ട്‌. ലൈബ്രറി അടച്ചുപൂട്ടുമെന്ന അറിയിപ്പ്‌ തലസ്ഥാനത്തെ വിദ്യാഭ്യാസ-വിജ്ഞാന-സാംസ്കാരിക മേഖലയിലെ ആയിരക്കണക്കിന്‌ ആളുകളേയും വിദ്യാര്‍ഥികളേയും അമ്പരപ്പിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :