കെല്‍ടെക്കിനെ ബ്രഹ്മോസ് ഏറ്റെടുത്തു

തിരുവനന്തപുരം| M. RAJU| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2007 (17:11 IST)
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌ (കെല്‍ടെക്‌)നെ ബ്രഹ്‌മോസ്‌ എയ്‌റോസ്‌പേസ്‌ ഏറ്റെടുത്തു. ഇനി മുതല്‍ കെല്‍ടെക് ബ്രഹ്‌മോസ്‌ എയ്‌റോസ്‌പേസ്‌ ട്രിവാന്‍ഡ്രം ലിമിറ്റഡ്‌ ആകും.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബ്രഹ്‌മോസിന്‌ കെല്‍ടെക് കൈമാറിക്കൊണ്ടുള്ള രേഖയില്‍ ബ്രഹ്‌മോസ്‌ മേധാവിയും പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി. ആര്‍. ഡി. ഒ)യുടെ കണ്‍ട്രോളറുമായ ഡോ. എ. ശിവതാണുപിള്ളയും സംസ്ഥാന വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്‌ണനും രേഖയില്‍ ഒപ്പുവച്ചു.

ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ്‌മന്ത്രി എളമരം കരീമിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റം. പുതുവത്സരദിനത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ സാന്നിദ്ധ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ വച്ച്‌ കെല്‍ടെക്കിന്‍റെ ഔപചാരിക കൈമാറ്റം നടക്കും.

ശബ്‌ദാതിവേഗ ക്രൂസ്‌ മിസെയിലുകളുടെ രൂപകല്‌പനയ്ക്കും നിര്‍മ്മാണത്തിനും ഏകോപനത്തിനുമായി കെല്‍ടെക്കിനെ ബ്രഹ്‌മോസ്‌ എയ്‌റോസ്‌പേസ്‌ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്‌ കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു. ഡി.ആര്‍.ഡി.ഒ വഴി കേന്ദ്ര സര്‍ക്കാരിന്‌ ഭൂരിപക്ഷം ഓഹരിയുള്ള ഒരു ഇന്ത്യ-റഷ്യ സംരംഭമാണ്‌ ബ്രഹ്‌മോസ്‌.

മുതിര്‍ന്ന ശാസ്‌ത്രജ്ഞനായ ഡോ. എ. ശിവതാണുപിള്ളയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച ലോകത്തെ ഏറ്റവും വേഗം കൂടിയ ക്രൂസ്‌ മിസെയിലായ ബ്രഹ്‌മോസ്‌ ഇനിമുതല്‍ കെല്‍ടെക്കില്‍ ഒരുക്കിയ അത്യാധുനിക സംവിധാനത്തിലൂടെയാകും നിര്‍മ്മിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക.

മിസെയില്‍ ഉത്‌പാദനത്തിനു പുറമേ ഐ.എസ്‌.ആര്‍.ഒയ്ക്കു വേണ്ടി പുതിയ തലമുറ ഉപഗ്രഹ വിക്ഷേപിണികളും, ഡി.ആര്‍.ഡി.ഒയ്ക്കും ബാര്‍ക്കിനും വേണ്ട സുപ്രധാന യന്ത്രഭാഗങ്ങളും ഇവിടെ നിന്ന്‌ നിര്‍മ്മിച്ചു നല്‍കും.
തിരുവനന്തപുരത്ത്‌ ചാക്ക യിലാണ്‌ കെല്‍ടെക്ക്‌ പ്രവര്‍ത്തിക്കുന്നത്‌.

കമ്പനി ഏറ്റെടുക്കലോടെ കെല്‍ടെക്കിലെ മുഴുവന്‍ ജീവനക്കാരും ബ്രഹ്‌മോസിന്‍റെ ജീവനക്കാരായി മാറും. എ ക്‌ളാസ്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡിന്‍റേതിന്‌ തുല്യമായ ശമ്പളവും ജീവനക്കാര്‍ക്ക്‌ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :