കരുണാകരന്‍ വിളിച്ച യോഗത്തില്‍ അക്രമം

കൊച്ചി| M. RAJU|
കൊച്ചിയില്‍ കെ.കരുണാകരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുരളീധരനെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ തള്ളിക്കയറി. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത പ്രവര്‍ത്തകര്‍ ചാനലുകളുടെ ക്യാമറകള്‍ തല്ലിത്തകര്‍ത്തു.

കരുണാകരനെ പിന്തുണയ്ക്കുന്ന എന്‍.സി.പി നേതാക്കളുടെ യോഗമാണ് ഇന്ന് കൊച്ചിയിലെ ജി ഓഡിറ്റോറിയത്തില്‍ ചേരാനിരുന്നത്. യോഗത്തിനായി കരുണാകരനെ പിന്തുണയ്ക്കുന്ന നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഹാളിലേക്ക് കയറുമ്പോഴാണ് അക്രമം ഉണ്ടായത്. മുരളീധരനെ അനുകൂലിക്കുന്ന ഇരുപതോളം പ്രവര്‍ത്തകരാണ് വടികളുമായി ഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു.

മുരളീധരന് സിന്ദാബാദ് വിളിച്ചുകൊണ്ടെത്തിയ പ്രവര്‍ത്തകര്‍ ഹാളിലെ ലൈറ്റുകളും ഫാനുകളും തല്ലിത്തകര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ വളഞ്ഞ് വച്ച് മര്‍ദ്ദിക്കുകയും ചാനലുകളുടെ ക്യാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വനിതാപ്രവര്‍ത്തകര്‍ അടക്കമുള്ള നേതാക്കളെ നിഷ്ടൂരമായി തല്ലിച്ചതച്ചു.

ഈ സമയം സ്ഥലത്ത് വളരെകുറച്ച് പോലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ക്ക് അക്രമികളെ നേരിടാനായില്ല. കരുണാകരനെ അനുകൂലിക്കുന്ന മിക്ക നേതാക്കളും യോഗത്തിനെത്തിയിരുന്നു. ഇവരില്‍ പലര്‍ക്കും മര്‍ദ്ദനമേറ്റു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികള്‍ പുറത്തേയ്ക്ക് ഓടി.

ഇവരെ ഓഡിറ്റോറിയത്തിന് മുന്നില്‍ വച്ച് പൊലിസ് വളഞ്ഞ് വച്ച് മര്‍ദ്ദിച്ചു. ചിലര്‍ ഓടിപ്പോവുകയും ചിലരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :