കൊല്ലം-കോട്ടപ്പുറം ജലപാത തുറന്നു

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 20 നവം‌ബര്‍ 2007 (13:44 IST)
കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ഗതാഗതത്തിനായി തുറന്ന് കൊടുത്തു. കൊച്ചി മരടിലെ ദേശീയ ജലപാത ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജലപാതയുടെ ഉദ്ഘാടനത്തോടെ ദക്ഷിണേന്ത്യയിലെ ആദ്യ ജലപാത ഗതാഗതത്തിന്‌ തുടക്കം കുറിക്കും. ദേശീയ ജലപാത മൂന്ന്‌ എന്നാണ്‌ കൊല്ലം-കോട്ടപ്പുറം ജലപാത അറിയപ്പെടുക. 205 കിലോമീറ്റര്‍ ദൈര്‍ഘ്യവും 32 മീറ്റര്‍ വീതിയും 2.20 മീറ്റര്‍ ആശവുമുള്ള ജലപാതയാണിത്. 500ടണ്‍ വരെ ചരക്ക് വഹിക്കാന്‍ ശേഷിയുള്ള ബാര്‍ജുകള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ സാധിക്കും.

കോട്ടപ്പുറം മുതല്‍ വടക്കോട്ട് നീലേശ്വരം വരെയുള്ള ജലപാത രണ്ടു വര്‍ഷത്തിനുള്ളില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഉദ്ഘടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നൂറ് ടണ്‍ ഹൈഡ്രോ ക്ലോറിക് ആസിഡുമായി കൊല്ലം ചവറയിലേക്ക് പോകുന്ന ആദിത്യയെന്ന ബാര്‍ജ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

നെറ്റുമ്പാശേരി വിമാനത്താവളവുമായി കൊച്ചി തുറമുഖത്തെ ബന്ധിപ്പിക്കുന്ന കനാല്‍ നിര്‍മ്മിക്കുന്നതടക്കമുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാ‍ര്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലപാത തുറന്നതോടെ ചരക്ക് ഗതാഗതം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ വലിയ വികസന സാധ്യതകളാണുള്ളതെന്ന് ഇന്‍ലാന്‍റ് വാട്ടര്‍വേ ഡവലപ്പ്‌മെന്‍റ് അഡ്‌വൈസര്‍ അഡിമിറല്‍ ബി.ആര്‍. മേനോന്‍ പറഞ്ഞു.

ജലപാത റോഡിലൂടെയുള്ള ഗതാഗത കുരുക്കിന് വലിയൊരളവ് വരെ പരിഹാരമാകും. ജലപാത പോലുള്ള പദ്ദതികള്‍ കേരളത്തിന്‍റെ സമ്പൂര്‍ണ്ണ വികസനത്തെ ത്വരിതപ്പെടുത്തുമെന്ന സര്‍ക്കാരിന്‍റെ മനോഭാവമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള നിമിത്തമെന്ന് ബി.ആര്‍.മേനോന്‍ പറഞ്ഞു.

2005-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്‍ഷ്യമിട്ടിരുന്ന ജലപാതയുടെ ഒന്നാം ഘട്ടമാണ്‌ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്‌. ജലപാത തുറന്നതോടെ ചരക്ക്‌ ഗതാഗതം, വിനോദ സഞ്ചാരം മേഖലകളില്‍ വന്‍ വികസന സാധ്യതയ്ക്ക്‌ വഴിയൊരുങ്ങും. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെ കൊച്ചിയില്‍ വരുന്ന വികസനം ജലപാതയിലൂടെ സുഗമമായ ചരക്ക്‌ നീക്കത്തിന്‌ വഴിയൊരുക്കും.

ഇത്‌ സംബന്ധിച്ച്‌ നേരത്തെ നടത്തിയിട്ടുള്ള പഠനത്തില്‍ പ്രതിവര്‍ഷം 3244 ടണ്‍ ചരക്ക്‌ അദ്യഘട്ടം ഇതുവഴി കൊണ്ടുപോകാനാകും. ചരക്ക്‌ നീക്കത്തിന്‌ അന്തരീക്ഷ മലിനീകരണമില്ലാതെ ഏറ്റവും കുറഞ്ഞ ചെലവില്‍ ജലമാര്‍ഗ്ഗത്തിലൂടെ കഴിയുമെന്നാണ്‌ പഠനം. അപകടം കുറയ്ക്കാനും ആയാസ രഹിതമായ യാത്രയ്ക്കും പാത ഉപകരിക്കും.

കൊച്ചി തുറമുഖത്തെ മറ്റ്‌ പട്ടണങ്ങളും ചെറുതുറമുഖങ്ങളുമായും ബന്ധിപ്പിക്കാന്‍ ജലപാത വികസനം പൂര്‍ത്തീകരിക്കുന്നതോടെ കഴിയും. കോട്ടപ്പുറത്ത്‌ നിന്ന്‌ വടകരവരെ സംസ്ഥാന ജലപാതയും സീപോര്‍ട്ട്‌ - എയര്‍പോര്‍ട്ട്‌ ജലപാതയും രണ്ടാംഘട്ട വികസനങ്ങളാണ്‌. ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ കായലിലൂടെയും മുസരീസ്‌ പൈതൃക പദ്ധതി പ്രദേശത്ത്‌ കൂടിയുമാണ്‌ ജലപാത കടന്നു പോകുന്നത്‌.

മുനമ്പം, അഴീക്കോട്‌ പോര്‍ട്ടുകള്‍, പുരാതന പോര്‍ട്ടുഗീസ്‌ കോട്ടകളായ പള്ളിപ്പുറം കോട്ട, കോട്ടപ്പുറം കോട്ട, ചേരുമംഗലം ജൂത സിനഗോഗ്‌, പാലിയം രാജഭരണകേന്ദ്രം, ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ്‌, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, സെന്‍റ് തോമസ്‌ വന്നിറങ്ങിയ മാല്യങ്കര, അഴീക്കോട്‌, ചെട്ടിക്കാട്‌ ദേവാലയങ്ങള്‍, ശ്രീ നാരായണഗുരു പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ക്ഷേത്രം എന്നിവ ജലപാത കടന്നുപോകുന്നതിനരികിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :