സ്മാര്‍ട്ട്‌സിറ്റിക്ക് തറക്കല്ലിട്ടു

Smart city
WDWD
ഐ.ടി രംഗത്തെ സമഗ്ര വികസനത്തിന്‌ അടിത്തറയാകുന്ന സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ കേരള മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനും സ്മാര്‍ട്ട്‌ സിറ്റി എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫരീദ്‌ അബ്ദുള്‍ റഹ്മാനും ചേര്‍ന്നു തറക്കല്ലിട്ടു.

ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സൈബര്‍ പാര്‍ക്കാണു കൊച്ചിയില്‍ ഉയരുക. ഇന്നു മുതല്‍ കൊച്ചി മഹാനഗരവും അന്താരാഷ്ട്ര ഐടി ഭൂപടത്തില്‍ ഇടംപിടിക്കുന്നു. 800 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്‌ സിറ്റി പദ്ധതി പൂര്‍ത്തിയാകുന്നതൊടെ കൊച്ചി കേരളത്തിന്‍റെ ഐ.ടി. തലസ്ഥാനമായി മാറും.

സാമ്പത്തികമായും തൊഴില്‍‌പരമായും ഒരുപാട് മാറ്റങ്ങള്‍ ഇവിടെയുണ്ടാകും. കാക്കനാട്ട്‌ ഇന്‍ഫോ പാര്‍ക്കിനു കിഴക്കുവശത്തുള്ള എടച്ചിറ കനാലിനു സമീപം ആറേക്കര്‍ ഭൂമിയിലാണ്‌ ശിലാസ്ഥാപന ചടങ്ങുകള്‍ നടന്നത്‌. കല്ലിടല്‍ ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കൂറ്റന്‍ പന്തലാണു നിര്‍മിച്ചിരുന്നത്‌.

മന്ത്രിമാരായ സി.ദിവാകരന്‍, മോന്‍സ്‌ ജോസഫ്‌, എസ്‌.ശര്‍മ, എന്‍.കെ.പ്രേമചന്ദ്രന്‍, ചീഫ്‌ സെക്രട്ടറി പി.ജെ.തോമസ്‌, എറണാകുളം ജില്ലാ കളക്ടര്‍ എ.പി.എം.മുഹമ്മദ്‌ ഹനീഷ്‌, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി കെ.ബാബു എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2004 നവംബറില്‍ ആരംഭിച്ച ചര്‍ച്ചകള്‍ ശിലാസ്ഥാപനത്തോടെ ലക്‍ഷ്യം കണ്ടിരിക്കുകയാണ്. പദ്ധതിയിലൂടെ 90,000 തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്. പദ്ധതി നടത്തിപ്പിനായി 246 ഏക്കര്‍ ഭൂമി പാട്ട വ്യവസ്ഥയില്‍ ടീക്കോമിന്‌ കൈമാറി. തൃക്കാക്കര പഞ്ചായത്ത്, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലായാണ് പദ്ധതി വരുന്നത്.

പദ്ധതി വരുന്നതിന് മുമ്പ് തന്നെ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിച്ചുകഴിഞ്ഞു. പത്ത്‌ വര്‍ഷംകൊണ്ട്‌ 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്മാര്‍ട്ട്‌ സിറ്റിക്ക്‌ അനുബന്ധമായി ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങള്‍ സംജാതമാകും. ഇന്നു രാവിലെ പതിനൊന്നു മണിക്കായിരുന്നു നേരത്തേ തറക്കല്ലിടല്‍ നിശ്ചയിച്ചിരുന്നത്‌.

കൊച്ചി| WEBDUNIA|
എന്നാല്‍, ടീകോം അധികൃതര്‍ എത്തുന്ന വിമാനത്തിന്‍റെ സമയമാറ്റം കാരണം ചടങ്ങ്‌ ഉച്ചകഴിഞ്ഞു രണ്ടിലേക്കു മാറ്റുകയായിരുന്നു. വിവര സാങ്കേതികവിദ്യാ മേഖലയിലെ ആധുനിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ടീകോം കമ്പനിയൊരുക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യയിലുള്ള പ്രകടനങ്ങളും ശിലാസ്ഥാപന ചടങ്ങിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :