സ്കൂട്ടേഴ്സ് കേരള എഞ്ചിനീയറിംഗ് കോളജാകുന്നു

ആലപ്പുഴ| WEBDUNIA| Last Modified ബുധന്‍, 7 നവം‌ബര്‍ 2007 (17:10 IST)
ആ‍ലപ്പുഴയിലെ സ്കൂട്ടേഴ്സ് കേരള സഹകരണ എഞ്ചിനീയറിംഗ് കോളജാകുന്നു. സ്കൂട്ടേഴ്സ് കേരളയുടെ കെട്ടിടവും സ്ഥലവും വ്യവസായ വകുപ്പ് സഹകരണ വകുപ്പിന് വ്യാഴാഴ്ച കൈമാറും.

ഇതിനെതിരെ ചില സംഘടനകള്‍ രംഗത്ത് വന്നു കഴിഞ്ഞു. ആലപ്പുഴയിലെ പരമ്പരാഗത വ്യവസായങ്ങളുടെ ശോഭനമല്ലാത്ത ഭാവി മുന്നില്‍ക്കണ്ടാണ് ടി.വി തോമസ് വ്യവസായ മന്ത്രിയായിരിക്കെ സ്കൂട്ടേഴ്സ് കേരളയ്ക്ക് രൂപം നല്‍കിയത്. ഒരു കാലത്ത് മലയാളിയുടെ സ്വപ്നമായിരുന്ന വിജയ് സ്കൂട്ടര്‍ തിളങ്ങിനിന്ന കാലത്ത് നാടിന്‍റെ പ്രതീക്ഷയായിരുന്നു സ്കൂട്ടേഴ്സ് കേരള.

പിന്നീട് സ്വകാര്യ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കിയതോടെ സ്കൂട്ടേഴ്സ് കേരള സ്തംഭിച്ചു. മന്തി ജി.സുധാകരന്‍റെ പ്രത്യേക താത്പര്യത്തോടെയാണ് ഇപ്പോള്‍ സ്കൂട്ടേഴ്സ് കേരള ഫാക്ടറി നില നിന്നിരുന്ന സ്ഥാനത്ത് സഹകരണ എഞ്ചിനീയറിംഗ് കോളജ് ആരംഭിക്കുന്നത്.

തദ്ദേശവാസികള്‍ വളരെ പ്രതീക്ഷയോടെയാണ് കോളജിനെ കാണുന്നതെന്ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പുന്നപ്രയെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ഒരു പരിധിവരെ മാറ്റാന്‍ ഈ കോളജിനാവുമെന്ന് നാട്ടുകാര്‍ പറയുന്നു. കോളജ് വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട് മറ്റ് സ്ഥാപനങ്ങളും ഇവിടെ വരുമെന്നും ഇവര്‍ പറയുന്നു.

കെയ്പിന്‍റെ ആഭിമുഖ്യത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് കോളജ് ആരംഭിക്കും. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി വിഷയങ്ങളും ബിരുദ കോഴ്സുകളും എം.ബി.എ കോഴ്സും തുടക്കത്തിലുണ്ടാവും.

അതേ സമയം എ.ഐ.റ്റി.യു.സി പോലെയുള്ള സംഘടനകള്‍ സ്കൂട്ടേഴ്സ് കേരളയുടെ ഭൂമിയും കെട്ടിടങ്ങളും കൈമാറുന്നതെനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കോളജിന് പകരം വ്യവസായ സ്ഥാപനം തന്നെ വേണമെന്ന നിലപാടിലാണ് ഇവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :