ഐക്യകേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നു

കൊല്ലം| WEBDUNIA| Last Modified ബുധന്‍, 7 നവം‌ബര്‍ 2007 (14:31 IST)
കേരള കോണ്‍ഗ്രസിന്‍റെ മൂന്നു ഗ്രൂപ്പുകള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായതായി കേരള കോണ്‍ഗ്രസ്‌- ബി നേതാവ്‌ ആര്‍.ബാലകൃഷ്ണ പിള്ള അറിയിച്ചു.

ഐക്യ കേരള കോണ്‍ഗ്രസ്‌ എന്ന പേരില്‍ അടുത്ത തെരെഞ്ഞെടുപ്പിനെ നേരിടുമെന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ്‌- സെക്യുലര്‍, കേരള കോണ്‍ഗ്രസ്‌- ജേക്കബ്‌ എന്നീ ഗ്രൂപ്പുകളുടെ നേതാക്കളുമായി കൊല്ലത്ത് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.എം. ജേക്കബും ജോണി നെല്ലൂരും പി.സി.ജോര്‍ജുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കൊല്ലം ഗസ്റ്റ് ഹൌസില്‍ ഏകദേശം രണ്ടു മണിക്കൂര്‍ ഇവര്‍ ചര്‍ച്ചകള്‍ നടത്തി. ഒരു ഐക്യ കേരള കോണ്‍ഗ്രസാണ് തങ്ങള്‍ ലക്‍ഷ്യമിടുന്നതെന്ന്. കേരള കോണ്‍ഗ്രസുകളുടെ ലയനമല്ല ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.

വരുന്ന തെരെഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് നിന്നുകൊണ്ട് മത്സരിക്കാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. ഇതൊരു മുന്നണി സംവിധാനം തന്നെയായിരിക്കും. എന്നാല്‍ തങ്ങള്‍ ഇടതുമുന്നണിക്കൊപ്പമല്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ അവഗണനയ്ക്കെതിരെ സംസ്ഥാനത്തിന്‍റെ താത്പര്യം സംരക്ഷിക്കാന്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണ്.

അതുകൊണ്ടാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്ന് നേതാക്കള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മാണിയുമായി നേരത്തെ നാല് തവണ തങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇനി ഒരു ചര്‍ച്ച കൂടി ഉണ്ടാകുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

മാണിയും ഐക്യകേരള കോണ്‍ഗ്രസിന് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. ജോസഫിനെയും തങ്ങള്‍ കാണുന്നുണ്ടെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :