വിദ്യാര്‍ത്ഥി സംഘര്‍ഷം: എഎസ്ഐ കൊല്ലപ്പെട്ടു

police chasing students
PRDPRD
വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ ചങ്ങാനശേരി എ.എസ്.ഐ ഏലിയാസ് കൊല്ലപ്പെട്ടു. ചങ്ങനാശേരി എന്‍.എസ്.എസ് കോളജില്‍ നടന്ന എ.ബി.വി.പി - എസ്.എഫ്.ഐ സംഘര്‍ഷത്തിനിടെയാണ് ഏലിയാസ് (48) തലയ്ക്ക് അടിയേറ്റ് മരിച്ചത്.

കോട്ടയം വാകത്താനം സ്വദേശിയാണ് ഏലിയാസ്. നിരവധി പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയന്‍ തെരെഞ്ഞെടുപ്പിമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.

ഇത് പിന്നീട് പുറത്ത് നിന്നും എത്തിയ ഒരു കൂട്ടം ആള്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ സംഘര്‍ഷം കോളജിന് വെളിയിലേക്കും പടര്‍ന്നു. സംഘര്‍ഷത്തില്‍ ഒരു വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്യുന്നതിനിടയിലാണ് ഏലിയാസിന് അടിയേറ്റത്. കോട്ടയം നഗരത്തിലെ പല ഭാഗങ്ങളിലും സംഘര്‍ഷം നിലനില്‍ക്കുകയാണ്.

ചങ്ങാനാശേരി ടൌണില്‍ രാവിലെ മുതല്‍ ആയുധധാരികളായ ക്രിമിനലുകള്‍ അഴിഞ്ഞാടുകയായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ തന്നെ കോളജില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇത് മുന്‍‌കൂട്ടി മനസിലാക്കാന്‍ പൊലീസിന് കഴിയാത്തതാണ് സംഘര്‍ഷം രൂക്ഷമാ‍കാന്‍ കാരണം. കൊല്ലപ്പെട്ട ഏലിയാസിന്‍റെ മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തെ വളരെ ആശങ്കയോടെയാണ് ആഭ്യന്തരമന്ത്രാലയം കാണുന്നത്. കുറ്റവാളികളെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി രമണ്‍ ശ്രീവാസ്തവ അറിയിച്ചു. സംഘര്‍ഷം നിയന്ത്രണവിധേയമാക്കുന്നതിന് കോട്ടയം എസ്.പിക്കും ജില്ലാ കളക്ടര്‍ക്കും വേണ്ട നിര്‍ദ്ദേശം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നല്‍കി.

കോട്ടയം| WEBDUNIA|
തിരുവനന്തപുരത്ത് നിന്നും ഉന്നത പൊലീസ് സംഘം കോട്ടയത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ശനിയാഴ്ച ചങ്ങാനാശേരി താലുക്കില്‍ ഹര്‍ത്താലിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :