മോന്‍സ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു

Mons Joseph
FILEFILE
വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ അംഗമായി മോന്‍സ്‌ ജോസഫ്‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ഹ്രസ്വവും ലളിതവുമായ ചടങ്ങില്‍ വൈകുന്നേരം 4.32 നാണ് മോന്‍സ് സത്യപ്രതിജ്ഞ ചെയ്തത്.

ദൈവനാമത്തിലാണ് മോന്‍സ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ സത്യവാചകം ചൊല്ലിക്കൊടുത്തു. തന്‍റെ കുടുംബാംഗങ്ങളുമൊത്താണ് മോന്‍സ് സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനില്‍ എത്തിയത്. ചീഫ് സെക്രട്ടറി അദ്ദേഹത്തെ സ്വീകരിച്ചു. മുന്‍ നിരയില്‍ ഇരുന്ന മോന്‍സ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫിന്‍റെ കരം പിടിച്ച് അനുവാദം ചോദിച്ചാണ് സത്യപ്രതിജ്ഞാ വേദിയിലേക്ക് കയറിയത്.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍, സ്‌പീക്കര്‍ കെ.രാധാകൃഷ്‌ണന്‍, ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍, എം.എല്‍.എമാര്‍, കേരള കോണ്‍ഗ്രസ്‌ നേതാക്കളായ പി.ജെ.ജോസഫ്‌, പി.സി.തോമസ്‌, സുരേന്ദ്രന്‍പിള്ള എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കടുത്തുരുത്തി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മോന്‍സ് ജോസഫ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി കൂടിയാണ്. കേരള കോണ്‍ഗ്രസില്‍ നിന്നുമുള്ള മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ചടങ്ങില്‍ നിന്നും യു.ഡി.എഫ് വിട്ടുനിന്നു. നറുക്കെടുപ്പിലൂടെ മന്ത്രിയെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണിത്‌.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് മോന്‍സ് ജോസഫ് കേരളത്തിന്‍റെ പുതിയ പൊതുമരാമത്ത് മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ഒരു മന്ത്രിയെ ആദ്യമായി നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്തുവെന്ന പ്രത്യേകതയും മോന്‍സിനുണ്ട്.

തിരുവനന്തപുരം| WEBDUNIA|
പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.യു.കുരുവിള രാജകുമാരി ഭൂമി വിവാദത്തില്‍ രാജിവച്ചതാണ് മോന്‍സിന്‍റെ മന്ത്രിപദത്തിന് കാരണമായത്. സംസ്ഥാ‍നത്ത് ശോച്യാവസ്ഥയില്‍ കിടക്കുന്ന റോഡുകള്‍ നന്നാക്കിയെടുക്കുക്കയെന്നതാണ് പ്രഥമ പരിഗണനയെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :