ഒയിസ്കയ്ക്ക് യു.എന്‍ അംഗീകാരം

തിരുവനന്തപുരം | WEBDUNIA| Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2007 (14:19 IST)
കേരളം കേന്ദ്രമായി 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒയിസ്ക സൌത്ത് ഇന്ത്യാ ചാപ്റ്ററിന് ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആന്‍റ് സോഷ്യല്‍ കൌണ്‍സില്‍ സ്പെഷ്യല്‍ കണ്‍സള്‍ട്ടേറ്റീ‍വ് സ്റ്റാറ്റസ് നല്‍കി.

ഒയിസ്ക സൌത്ത് ഇന്ത്യാ ചാപ്റ്റര്‍ സെക്രട്ടറി ജനറല്‍ എം. അരവിന്ദ് ബാബു, പ്രസിഡന്‍റ് എല്‍.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. കേന്ദ്ര സര്‍ക്കാരിന്‍റെ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തിലും ഒയിസ്ക സൌത്ത് ഇന്ത്യയില്‍ ആയിരത്തോളം സ്കൂളുകളില്‍ നടപ്പാക്കിയ കുട്ടികളുടെ വനവത്ക്കരണ പരിപാടിയും വിവിധ ജനക്ഷേമ, യുവജനക്ഷേമ പരിപാടികളുടെയും അംഗീകാരമാണ് യു.എന്‍ ഈ തീരുമാനത്തിലെത്തിയത്.

ജുലൈ മാസത്തില്‍ വിയന്നയില്‍ നടന്ന യു.എന്നിന്‍റെ സമ്മേളനത്തില്‍ 18 അംഗരാജ്യങ്ങളുടെ സമിതി ഐകകണ്ഠേനയാണ് ഒയിസ്ക സൌത്ത് ഇന്ത്യാ ചാപ്റ്ററിന് ഈ പദവി നല്‍കാന്‍ തീരുമാനിച്ചത്.

ഇതിന്‍റെ ഫലമായി ഒയിസ്കയ്ക്ക് പ്രതിനിധികളെ ഔപചാരികമായി യു.എന്നിന്‍റെ ന്യൂയോര്‍ക്കിലുള്ള ഹെഡ് ക്വാര്‍ട്ടേഴ്സിലും ജനീവയിലും വിയന്നയിലുമുള്ള ഓഫീസുകളില്‍ നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കും. ഒയിസ്ക സൌത്ത് ഇന്ത്യാ ചാപ്റ്റര്‍ എടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഈ സമ്മേളനങ്ങളില്‍ നേരിട്ട് അവതരിപ്പിക്കാനും സാധിക്കും.

കൂടാതെ അന്താരാഷ്ട്ര യു.എന്‍ ഏജന്‍സികളുടെ പല പ്രവര്‍ത്തന പരിപാടികളും സൌത്ത് ഇന്ത്യയില്‍ നേരിട്ട് നടപ്പാക്കാന്‍ അവസരവും ലഭിക്കും.

1985ല്‍ കോഴിക്കോ‍ട്ട് പതിനഞ്ചോളം പേര്‍ ചേര്‍ന്ന് ആരംഭിച്ച ഈ പ്രസ്ഥാനത്തിന് ഇപ്പോള്‍ സൌത്ത് ഇന്ത്യയില്‍ നാല് സംസ്ഥാനങ്ങളിലായി നാല്‍പ്പത്തിയഞ്ചോളം ചാപ്റ്ററുകളും മൂവായിരത്തോളം അംഗങ്ങളുമുണ്ട്. 2002ലെ ജോഹന്നാസ്ബര്‍ഗ് ഏര്‍ത്ത് സമ്മിറ്റില്‍ പതിനേഴ് അംഗ സംഘത്തിനെ നിരീക്ഷകരായി പങ്കെടുപ്പിക്കാന്‍ ഒയിസ്ക സൌത്ത് ഇന്ത്യാ ചാപ്റ്ററിന് അവസരം ലഭിച്ചിരുന്നു. അതിന് ശേഷമാണ് ഈ സ്പെഷ്യല്‍ സ്റ്റാറ്റസിനായി ഒയിസ്കയെ പരിഗണിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :