അമൃതകീ‍ര്‍ത്തി പുരസ്കാരം ശ്രീധരന്‍ തന്ത്രികള്‍ക്ക്‌

കൊല്ലം | WEBDUNIA| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2007 (10:10 IST)
ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്കാരം പറവൂര്‍ ശ്രീധരന്‍ തന്ത്രികള്‍ക്ക്‌ സമ്മാനിക്കും. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അമൃതകീര്‍ത്തി പുരസ്ക്കാരം സമ്മാനിക്കുന്നത്. സനാതന ധര്‍മ്മത്തിലെ ഉന്നതമൂല്യങ്ങള്‍ സാഹിത്യത്തിലൂടെയും കര്‍മ്മത്തിലൂടെയും പ്രചരിപ്പിക്കുന്നതു വഴി സാമൂഹിക നന്മ ചെയ്യുന്നവര്‍ക്കാണ്‌ അമൃതകീര്‍ത്തി പുരസ്കാരം നല്‍കുന്നത്.

2001 മുതല്‍ അമ്മയുടെ ജന്മദിനത്തില്‍ ഈ പുരസ്കാരം നല്‍കി വരുന്നു. 81 വയസ്സുള്ള ശ്രീധരന്‍ തന്ത്രികള്‍ പറവൂരിലെ ശ്രീനാരായണ താന്ത്രികവിദ്യാലയത്തിന്‍റെ സ്ഥാപകനും അധ്യക്ഷനുമാണ്‌. ജാതിമതഭേദമെന്യേ എല്ലാവരെയും ഇവിടെ തന്ത്രവിദ്യ പഠിപ്പിക്കുന്നു. തന്ത്രശാസ്ത്രത്തെ ആധാരമാക്കി ദേവയജ്ഞപദ്ധതി എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്‌.

തന്ത്രവിദ്യയെയും ജ്യോതി ശാസ്ത്രത്തെയും കുറിച്ച്‌ ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ആചാര്യ നരേന്ദ്രഭൂഷണ്‍, പി.പരമേശ്വരന്‍, പ്രഫ. ഹരിഹരശാസ്ത്രി, ഡോ. ശങ്കര്‍ അഭയാങ്കര്‍, മഹാകവി അക്കിത്തം, പി.നാരായണക്കുറുപ്പ്‌, ഒറിയ എഴുത്തുകാരി പ്രതിഭാറായി എന്നിവര്‍ക്കാണ്‌ മുന്‍വര്‍ഷങ്ങളില്‍ അമൃതകീര്‍ത്തി പുരസ്കാരം ലഭിച്ചിട്ടുള്ളത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :