ചീഫ് സെക്രട്ടറി സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം| PRATHAPA CHANDRAN|
പൊന്‍‌മുടി മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഹെലിപ്പാഡ് നിര്‍മ്മാണവുമായി ബന്ധപ്പെടുത്തി പരസ്യ വിമര്‍ശനത്തിന് വിധേയയായ സംസ്ഥാന ചീഫ് സെക്രട്ടറി ലിസി ജേക്കബ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകിട്ട് മുഖ്യമന്ത്രിക്ക് അവര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി.

ഇപ്പോള്‍ അവര്‍ നിയമാ‍നുസൃതമായി വിരമിക്കലിന് മുന്നോടിയായുള്ള മൂന്ന് മാസത്തെ അവധിയിലാണ്. ആറ് മാസം ഔദ്യോഗിക കാലാവധി ബാക്കിനില്‍ക്കെയാണ് ചീഫ് സെക്രട്ടറി സ്വയം വിരമിക്കുന്നത്.

പ്രധാന മന്ത്രിക്കായി ഹെലിപ്പാഡ് നിര്‍മ്മിക്കുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചില്ല എന്നതായിരുന്നു ചീഫ് സെക്രട്ടറിക്കെതിരെയുള്ള ആരോപണം. ഇത് വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ലിസി ജേക്കബിന്‍റെ വീഴ്ചയായി എടുത്ത് പറഞ്ഞതാണ് പ്രശ്നമായത്. ഹെലിപ്പാഡിനായുള്ള പകുതി ഫണ്ട് സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. ഈ അവസരത്തില്‍ നിര്‍മ്മാണത്തെ കുറിച്ച് അറിയിക്കേണ്ട ബാധ്യത ചീഫ് സെക്രട്ടറിക്ക് ഉണ്ടെന്ന് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.

വിശദീകരണം പോലും ചോദിക്കാതെ പരസ്യ വിമര്‍ശനം നടത്തിയതാണ് ചീഫ് സെക്രട്ടറിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഉന്നത ഐ എ എസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനെ മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ ചുമതലപ്പെടുത്തിയിരുന്നു. കീഴുദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് ലിസി ജേക്കബിന്‍റെ രാജി തീരുമാനം എളുപ്പത്തിലാവാന്‍ കാരണമായി എന്നും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :