ലോഡ്കൃഷ്ണബാങ്ക് സെഞ്ചൂറിയനില്‍ ലയിച്ചു

കൊച്ചി| WEBDUNIA|
ലോഡ് കൃഷ്ണ ബാങ്കിനെ സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

ബുധനാഴ്ച മുതല്‍ സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബിന്‍റെ ശാഖകളായി ലോഡ് കൃഷ്ണ ബാ‍ങ്കിന്‍റെ ശാഖകള്‍ പ്രവര്‍ത്തിക്കും. ഇരുബാങ്കുകളും ലയനത്തിന് മുന്നോടിയായി ദീര്‍ഘകാലമായി നടത്തിവന്ന നടപടിക്രമങ്ങള്‍ക്ക് വിരാമമിട്ടാണ് റിസര്‍വ് ബാങ്കിന്‍റെ തീരുമാനം പുറത്തു വന്നിരിക്കുന്നത്.

ബുധനാഴ്ച മുതല്‍ ലയനം പ്രാബല്യത്തില്‍ വരുത്താനാണ് റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശം. റിസര്‍വ് ബാങ്കില്‍ നിഷിപ്തമായിരിക്കുന്ന ബാങ്കിംഗ് റഗുലേറ്ററി ആക്ട് സെക്ഷന്‍ 44 -എ പ്രകാരമാണ് ഈ നിര്‍ദ്ദേശം. ഇതനുസരിച്ച് ബുധനാഴ്ച മുതല്‍ ലോഡ് കൃഷ്ണ ബാങ്കിന്‍റെ എല്ലാ ശാഖകളും സെഞ്ചൂറിയന്‍ ബാങ്കിന്‍റെ ശാഖകളായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.

ലോഡ് കൃഷ്ണ ബാങ്കിലെ യൂണിയനുകളുടെ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് ലയന തീരുമാനം വന്നത്. ഏതെങ്കിലും പൊതുമേഖലാ ബാങ്കില്‍ ലയിപ്പിക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. ലയനത്തിന് ശേഷം ശാഖകള്‍ പൂട്ടാന്‍ സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബ് തീരുമാനിക്കുമെന്നാണ് തൊഴിലാളികളുടെ ആരോപണം.

ലയനത്തിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി വന്നതോടെ സമരപരിപാടികളിലേക്ക് കടക്കാതെ നിയമപരമായി നേരിടാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ലയനത്തോടെ നാനൂറോളം ശാഖകളും 480 ഓളം എ.ടി.എമ്മുകളും ഇരു ബാങ്കുകള്‍ക്കുമായി രാജ്യവ്യാപകമായി ഉണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :