പി.സി.തോമസിനെ സ്പീക്കര്‍ ഇറക്കിവിട്ടു

P.C. Thomas
FILEFILE
മൂവാറ്റുപുഴ എം.പി പി.സി.തോമസിനെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ലോക്സഭയില്‍ നിന്നും ഇറക്കിവിട്ടു. സേലം ഡിവിഷന്‍ രൂപീകരണത്തിനെതിരെ പി.സി.തോമസ് സഭയില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി.

ചൊവ്വാഴ്ച കേരളത്തില്‍ നിന്നുമുള്ള എം.പിമാര്‍ ശക്തമായ പ്രതിഷേധമാണ് പാര്‍ലമെന്‍റിന് അകത്തും പുറത്തും നടത്തിയത്. സഭ സമ്മേളിച്ചയുടന്‍ തന്നെ കേരളത്തില്‍ നിന്നുമുള്ള അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്‍റ് നടപടികള്‍ 15 മിനിറ്റ് വരെ സ്പീക്കര്‍ നിര്‍ത്തിവച്ചു.

വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ ശൂന്യവേളയില്‍ പശ്നം അവതരിപ്പിക്കാന്‍ എന്‍.എന്‍. കൃഷ്ണദാസ് എം.പിയെ സ്പീക്കര്‍ അനുവദിച്ചു. ശൂന്യവേളയില്‍ കൃഷ്ണദാസ് പ്രശ്നം അവതരിപ്പിച്ചതിന് ശേഷമാണ് പി.സി. തോമസ് വിഷയത്തില്‍ റയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് മറുപടി പറയണമെന്ന ആവശ്യവുമായി എഴുന്നേറ്റത്.

എത്രയും പെട്ടെന്ന് റയില്‍‌വേമന്ത്രി ലാലുപ്രസാദ് യാദവ് ഈ വിഷയത്തോ‍ട് പ്രതികരിക്കണമെന്നും അദ്ദേഹം നേരത്തെ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചിരിക്കുകയാണെന്നും പി.സി. തോമസ് സഭയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്പീക്കര്‍ ആവര്‍ത്തിച്ച് പി.സി. തോമസിനോട് സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഇങ്ങനെ തുടര്‍ന്നാല്‍ താങ്കളെ സഭയില്‍ നിന്നും സസ്പെന്‍റ് ചെയ്യേണ്ടിവരും. ഇത്തരത്തിലുള്ള ഒരു പെരുമാറ്റം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പി.സി. തോമസിനെ സസ്പെന്‍റ് ചെയ്ത് കൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് സഭാ നേതാവ് പ്രണബ് മുഖര്‍ജി പി.സി. തോമസിനോട് അദ്ദേഹത്തിന്‍റെ ഇരിപ്പിടത്തില്‍ ഇരിക്കണമെന്ന നിര്‍ദ്ദേശം നല്‍കി. ഇല്ലെങ്കില്‍ സ്പീ‍ക്കറുടെ നിര്‍ദ്ദേശപ്രകാരം അങ്ങയെ പാര്‍ലമെന്‍റില്‍ നിന്നും സസ്പെന്‍റ് ചെയ്യുന്ന പ്രമേയം അവതരിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പി.സി. തോമസ് ഇരിക്കാന്‍ കൂട്ടാക്കിയില്ല.

ഇതേതുടര്‍ന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രിയരഞജന്‍ ദാസ് മുന്‍ഷി പി.സി.തോമസിന്‍റെ അടുത്തെത്തി ഇരിപ്പിടത്തില്‍ ഇരിക്കണമെന്ന നിര്‍ദ്ദേശം നല്‍കി. സി.പി.എം നേതാവ് ചന്ദ്രപ്പന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പി.സി. തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം ഇതിനൊന്നും വഴങ്ങിയില്ല.

തോമസ് തന്‍റെ പ്രസംഗം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് ചട്ടം 373 പ്രകാരം പി.സി. തോമസ് സഭയില്‍ നിന്നും പുറത്തുപോകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. സ്വയം പുറത്തുപോകാന്‍ തായാറായില്ലെങ്കില്‍ സസ്പെന്‍റ് ചെയ്യുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. അപ്പോഴും പി.സി. തോമസ് സഭയില്‍ ബഹളം തുടര്‍ന്നു.

സസ്പെന്‍റ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കണമെന്ന് സ്പീ‍ക്കര്‍ വീണ്ടും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രിയരഞജന്‍‌ദാസ് മുന്‍ഷി പി.സി.തോമസ് ഇപ്പോള്‍ സഭയില്‍ നിന്നും പുറത്തുപോകണമെന്ന് അദ്ദേഹത്തിന്‍റെ അടുത്ത്‌ചെന്ന് ആവശ്യപ്പെട്ടു. ഇതിന് ശേഷം പി.സി. തോമസ് സഭയില്‍ നിന്നും പുറത്തുപോയി.

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2007 (13:36 IST)
തന്‍റെ പ്രതിഷേധം തുടരുമെന്ന് പാര്‍ലമെന്‍റില്‍ നിന്നും പുറത്തുവന്ന ശേഷം പി.സി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :