പാലക്കാട്ട് ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുത്തശേഷം ഞങ്ങള്‍ പി.കെ. പാറക്കടവിന്‍റെ കാറില്‍ ഒരു സാഹിത്യസമ്മേളനത്തിനു പോവുകയാണ്. ഞങ്ങള്‍ എന്നുവച്ചാല്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷ്, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, രത്നാകരന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം... പിന്നെ പി.കെയും ഞാനും.
പുതിയ സാഹിത്യവിശേഷങ്ങള്‍ സംസാരിച്ച് ഞങ്ങളങ്ങനെ പതുക്കെ ഓടുകയാണ്. പാറയാണ് ഡ്രൈവ് ചെയ്യുന്നത്.
വഴിയ്ക്ക് ഒരു പൊലീസ് സംഘം. പഴയ നാടകങ്ങളിലെ രൂപം ഓര്‍മ്മിപ്പിക്കുന്ന കൊന്പന്‍മീശയുള്ള മേധാവി മുന്പിലേക്കിറങ്ങി നിന്ന് കൈകാട്ടി. പാറ കാര്‍ നിര്‍ത്തി.
മേധാവി ഡ്രൈവിങ് സീറ്റിനടുത്തുവന്ന് നെറ്റി ചുളിച്ച്, വലതു കൈപ്പടം വക്രിപ്പിച്ച് "നിങ്ങളൊക്കെ ആരാണ്?' എന്നര്‍ത്ഥം വരുത്തി.
പി.കെ. പറഞ്ഞു ഞാന്‍ പാറക്കടവ്.
അടുത്തത് കൃഷ്ണന്‍കുട്ടിമാഷുടെയും സിദ്ധാര്‍ത്ഥന്‍റെയും ഊഴം. മാഷ് "മുണ്ടൂര്‍' എന്ന് സ്ളോമോഷനിലും, സിദ്ധാജി "പരുത്തിക്കാട്' എന്ന് "സ്പീഡ്മോഷനിലും' പരിചയപ്പെടുത്തി.
പിന്നെ "കക്കട്ടില്‍' എന്നു ഞാനും "മാങ്ങാട്' എന്നു രത്നാകരനും "ഏച്ചിക്കാനം' എന്ന് സന്തോഷും.
"ഫ നായിന്‍റെ മക്കളേ'' - ആ പൊലീസ് ഇന്‍സ്പെക്ടര്‍ ഒറ്റ അലര്‍ച്ചയായിരുന്നു. ""എവിടേയ്ക്ക് പോണൂന്നല്ല, "സാറന്മാരൊ'ക്കെ ആരാണെന്നാ ചോദിച്ചത്.