പാട്ടുകളുടെ പൂക്കാലമാണ് ഓണം

ചിത്ര

WEBDUNIA|

""ജീവിതവും ജീവിതസാഹചര്യങ്ങളും ഇന്ന് ഓണം ആഘോഷിക്കാന്‍ പറ്റിയതായി തോന്നുന്നില്ല. ഓണം പഴയ ഓര്‍മ്മകളിലൂടെ ഇന്നും പുനര്‍ജനിക്കുന്നു. അത്രമാത്രം.

ഒരു ഗായികയായതുകൊണ്ടുതന്നെ, പലപ്പോഴും ഓണപ്പാട്ടുകള്‍ പാടേണ്ടിവരുന്പോഴാണ് "ഓണമടുത്തല്ലോ' എന്ന ഒരു തോന്നല്‍ തന്നെ മനസ്സിലുണ്ടാകുന്നത്'' - പറയുന്നത് മലയാളികളുടെ പ്രിയഗായികയായ ചിത്ര.

ഓണപ്പാട്ടും കൂട്ടിക്കലര്‍ത്താതെ ചിത്രയ്ക്ക് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ. ""ഓണമൊക്കെ കുട്ടിക്കാലത്താണ്. ഓണത്തിന്‍െറ നിഷ്കളങ്കതയൊക്കെ പോയി. എനിക്ക് അച്ഛനും അമ്മയുമില്ല. കൂടപ്പിറപ്പുകള്‍ പലസ്ഥലങ്ങളിലാണ്. അതുകൊണ്ട് തന്നെ ഓണം മധുരമില്ലാത്തതായി.

ചെന്നൈയിലെ എന്‍െറ വീട്ടില്‍ അധികമൊന്നും ഓണാഘോഷം നടത്താറില്ല. നല്ല സദ്യയൊരുക്കും. വേണ്ടപ്പെട്ടവര്‍ക്ക് ഉടുപ്പുകള്‍ വാങ്ങികൊടുക്കും. അത്രതന്നെ!'' - ചിത്രയുടെ ഓണസ്മരണകള്‍ക്ക് അതിമധുരമില്ല.

എന്നാല്‍ വിവാഹം കഴിഞ്ഞശേഷം പാടിയ ആദ്യത്തെ ഓണപ്പാട്ട്, പാട്ടിനോടൊപ്പം തന്നെ മധുരിക്കുന്ന ഓര്‍മ്മയായി സൂക്ഷിക്കുന്നു ചിത്ര - '' എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ആ ഓണസമയത്ത് ഞാന്‍ തിരുവനന്തപുരത്ത് വീട്ടിലായിരുന്നു.

അന്ന് ദാസേട്ടനുവേണ്ടിയായിരുന്നു ഞാന്‍ പാടിയത്. ""പുഞ്ചിരിപ്പൂവൊന്നു പകരം തന്നാല്‍ പൂവൊരു കൊട്ടതരാം. എന്ന ഗാനം'' സ്വതേയുള്ള പുഞ്ചിരി ചുണ്ടിലൊതുക്കി ചിത്ര പറഞ്ഞു.

ഓണപ്പാട്ടുകളെക്കുറിച്ചും ചിത്ര പറയുന്നു. '' എവിടെയിരുന്നാലും ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പകര്‍ന്നുതരുന്നത് ഓണപ്പാട്ടുകളാണ്. പാട്ടുകളുടെ പൂക്കാലമാണ് ഓണം. നാടന്‍ പാട്ടുകള്‍, തിരുവാതിര പാട്ടുകള്‍, തുന്പിതുള്ളല്‍പ്പാട്ട്, ഊഞ്ഞാല്‍ പാട്ട് ഇവയെല്ലാം ഓണപ്പാട്ടുകളാണ്.

അന്നിവയെല്ലാം നാട്ടില്‍ മാത്രം. പക്ഷെ കാസറ്റുകള്‍ വന്നതോടെ എവിടെവച്ചും ഇത് കേള്‍ക്കാവുന്ന അവസ്ഥയായി. ഇപ്പോള്‍ ചിത്രയുടെ ഭര്‍ത്താവായ വിജയന്‍ സ്വന്തമായി ഓഡിയോ കാസറ്റ് വിപണനം നടത്തുന്നുണ്ട്. ചിത്രയിപ്പോള്‍ മറ്റ് കാസറ്റ് കന്പനികള്‍ക്കു വേണ്ടി പാടാറില്ല. സ്വന്തം കന്പനിക്കുവേണ്ടിയാണ് പാടുന്നത്.

ഇത്രയെറെ ഓണപ്പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും ചിത്ര ഏറെ ഇഷ്ടപ്പെടുന്ന ഗാനം "ഉത്രാടപ്പൂനിലാവേ വാ.....' എന്ന ഗാനമാണ്. ചിത്രയോടൊപ്പം തന്നെ കേരളത്തിലെ സംഗീതാസ്വാദകരും ആ ഗാനം ഇരു കയ്യും നീട്ടി സ്വീകരിച്ചു.

ഓണപ്പാട്ടുകളിലെ തനിമയും ലാളിത്യവും നഷ്ടപ്പെടുന്നില്ലേ എന്ന ചോദ്യത്തിന് ചിത്രയുടെ മറുപടി- ""യുവതലമുറയാണ് കാസറ്റ് വാങ്ങുന്നവരില്‍ ഭൂരിഭാഗവും. അവര്‍ക്ക് താളക്കൊഴുപ്പുള്ള പാട്ടുകള്‍ കേള്‍ക്കാനാണിഷ്ടം. അതുകൊണ്ട് ഓണപ്പാട്ടുകളില്‍ പാശ്ചാത്യസംഗീതത്തിന്‍െറ അംശങ്ങള്‍ കൂട്ടിയിണക്കേണ്ടിവരുന്നു.''




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :