ഓണച്ചിന്തകള്‍

സക്കറിയ

PRATHAPA CHANDRAN|
ഓണം മലയാളികളുടെയല്ല ഹിന്ദുക്കളുടെ മാത്രമാണ് എന്ന് നമ്മുടെ പ്രിയസഹോദരങ്ങളായ മതലമൌലികവാദി പരിവാരങ്ങള്‍ കുറേക്കാലമായി പറയുകയും, ത്രേതായുഗത്തില്‍ നിന്നും മറ്റും ഡി.എന്‍.എ. തെളിവുകള്‍ ഹാജരാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അത് ഇപ്പോഴും ഒരു നാടന്‍ സംഭവമായി തുടരുന്നുണ്ടെന്ന് പറയാതെ വയ്യ.

കൊടുംമഴ കഴിഞ്ഞ് വിളകളും പ്രകൃതിയും നാട്ടുകാരും ഉഷാറാകുന്നതിന്‍റെ ഉത്സവമായിരുന്നു ഓണം. അതിന്‍റെ മേലും തിരുകിക്കയറ്റിവച്ചു ദൈവങ്ങളുടെ ഭാരം!

ഓണം പോലെയുള്ള ആഘോഷങ്ങള്‍ കൊണ്ട് പല ഗുണങ്ങളുണ്ട്. ഒന്നാമത്, അവ മനുഷ്യന് അവധിക്കാലം തരുന്നു. അതുകൊണ്ട് കുറച്ചു മലയാളികളെങ്കിലും പരന്പരകള്‍ കണ്ട് ഖേദിച്ചിരിക്കാതെ കുടുംബസമേതം വീടിന് പുറത്തിറങ്ങി യാത്രചെയ്യാന്‍ മുതിരുന്നു.

ബന്ധങ്ങള്‍ പുതുക്കുന്നു. കുട്ടികള്‍ക്ക് അങ്ങനെ പുതിയ അനുഭവങ്ങള്‍ സിദ്ധിക്കുന്നു. തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരെ എടുത്തു പറഞ്ഞാല്‍, അവര്‍ സമരം ചെയ്യാന്‍ വേണ്ടിയല്ലാതെ ആണ്ടിലൊരു തവണ ഇവിടത്തെ തെരുവുകളിലൂടെ ആകാശത്തിലേയ്ക്കും മരങ്ങളിലേയ്ക്കും കടകളിലേയ്ക്കും തുറിച്ചു നോക്കി മന്ദമന്ദം അലയുന്ന കാലമാണ് ഓണം.
അര്‍ദ്ധസ്വപ്നത്തിലെന്നപോലെയാണ് അവര്‍ സൗജന്യമായ ഗാനമേള കേള്‍ക്കാന്‍ ഭാര്യമാരെ പിന്നില്‍ നടത്തിക്കൊണ്ട് കനകക്കുന്ന് കയറി പോകുന്നത്. മനോഹരം!

ഓണത്തിന്‍റെ മറ്റൊരു നല്ലവശം ജാതിമതഭേമന്യേ കേരളത്തിനു പുറത്തുള്ള മലയാളികള്‍ക്ക് വീട്ടില്‍ വരാന്‍ ന്യായമായ ഒരവസരം അത് നല്‍കുന്നു എന്നതാണ്. ""അമ്മ സീരിയസ്സ് ആണ്. ഉടന്‍ വരിക,'' എന്ന് കമ്പിയും മററും അടിപ്പിക്കേണ്ട ആവശ്യമില്ല.

ഓണമാണ്, അവധിവേണം എന്നു പറഞ്ഞാല്‍, മാര്‍വാഡിയും അറബിയും മലയാളികളുടെ മറ്റ് യജമാനന്മാരും സന്തോഷപൂര്‍വ്വം അവധി നല്‍കുന്നു. നീ ക്രിസ്ത്യാനിയല്ലേ, അല്ലെങ്കില്‍, നീ മുസ്ളീമല്ലേ, നിനക്കെന്ത് ഓണം, എന്ന് അവര്‍ ചോദിക്കില്ല. ഈ കഞ്ഞിയില്‍ പാറ്റാ വീഴ്ത്താനാണ് പരിവാരം ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :