ബാലഗംഗാധര തിലകന്‍

WEBDUNIA|

കോണ്‍ഗ്രസ്സിലെ തീവ്രവാദി നേതാവ്. "സ്വരാജ് എന്‍റെ ജന്‍‌മാവകാശമാണ്; ഞാന്‍ അതു നേടും' എന്നു പ്രഖ്യാപിച്ചു. ജനനം 23-7-1856 മഹാരാഷ്ട്രയിലെ രത്നഗിരി - മരണം 20-8-1920.

സംസ്കൃതത്തിലും ഗണിത ശാസ്ത്രത്തിലും പാണ്ഡിത്യം നേടി. ബി.എ., ബി.എല്‍. പരീക്ഷകള്‍ ജയിച്ചു. ചിപ്ലുങ്കര്‍, അഗര്‍കര്‍ എന്നിവരുമായി സഹകരിച്ച് "ഡക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി'യും പൂനെയിലെ ഫര്‍ഗൂസന്‍ കോളജും സ്ഥാപിച്ചു. കോളജില്‍ പ്രഫസറായി.

ചിപ്ലുങ്കര്‍ സ്ഥാപിച്ച കേസരി, മറാത്ത എന്നീ പത്രങ്ങളുടെ ആധിപത്യം 1882-ല്‍ ഏറ്റെടുത്തു. അവയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പേരില്‍ 1882-ല്‍ നാലു മാസം തടവിനു ശിക്ഷിക്കപ്പെട്ടു. അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹ്യ പരിഷ്കരണ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടു.

1889-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; ക്രമത്തില്‍ അതിന്‍റെ സമുന്നത നേതാക്കളില്‍ ഒരാളായി, 1895-96 കാലത്ത് ബോംബെ ലെജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ തീവ്രവാദിയായിരുന്ന തിലകനെ, സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും ജനിപ്പിച്ചു എന്ന കുറ്റം ചുമത്തി 1898 ജൂ. 27-ന് അറസ്റ്റു ചെയ്ത് 18 മാസം കഠിനതടവിനു ശിക്ഷിച്ചു.

അദ്ദേഹത്തിന്‍റെ ധീരവും നിസ്വാര്‍ത്ഥവുമായ രാജ്യസേവനത്തെ മുന്‍നിറുത്തി "ലോകമാന്യന്‍' എന്നു ജനങ്ങള്‍ വിളിച്ചു തുടങ്ങി. ഗണപതി ഉത്സവവും ശിവാജി ഉത്സവവും സംഘടിപ്പിച്ച് ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോടടുപ്പിച്ചു. സര്‍ക്കാരിനെതിരെ അതൃപ്തിയും വിദ്വേഷവും ജനിപ്പിക്കുകയും സമുദായങ്ങള്‍ തമ്മില്‍ ശത്രുതയും ഭിന്നിപ്പും വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു എന്ന പേരില്‍,

1908 ജൂണ്‍ 24-നു വീണ്ടും അറസ്റ്റു ചെയ്ത് ആറു വര്‍ഷത്തേക്കു നാടുകടത്തി ബര്‍മയിലെ മാന്‍ഡലേ ജയിലില്‍ പാര്‍പ്പിച്ചു. അവിടെ തടങ്കലിലിരിക്കെയാണ് പ്രഖ്യാതമായ ഗീതാരഹസ്യം എന്ന ഗ്രന്ഥം രചിച്ചത്. 1916-ല്‍ വീണ്ടും കേസെടുത്തു ശിക്ഷിച്ചുവെങ്കിലും അപ്പീലില്‍ ഹൈക്കോടതി ശിക്ഷ ദുര്‍ബലപ്പെടുത്തി.

"ഹോം റൂള്‍ ലീഗ്' സ്ഥാപിച്ച് ഇന്ത്യന്‍ സ്വയംഭരണത്തിനു വാദിച്ചു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഒരു കൊല്ലത്തിലധികം ഇംഗ്ളണ്ടില്‍ താമസിച്ചു പ്രവര്‍ത്തിച്ചു. 1920- മെ.ല്‍ പൂണെയില്‍ വച്ച് മൂന്നേകാല്‍ ലക്ഷം രൂപയുടെ "തിലക് സ്വരാജ് നിധി' ഇന്ത്യന്‍ജനത അദ്ദേഹത്തിനു സമ്മാനിച്ചു.

ബ്രിട്ടനെതിരെ കോണ്‍ഗ്രസ് നിസ്സഹകരണപ്രസ്ഥാനമാരംഭിക്കുന്നതിനെ ശക്തിയായി അനുകൂലിച്ചു. പില്ക്കാലത്ത് കേസരി, മറാത്ത പത്രങ്ങളുടെ പത്രാധിപരും മഹാരാഷ് ട്ര നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന ജെ.എസ്. തിലക്, ലോകമാന്യന്‍റെ പൗത്രനാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :