ഭഗത് സിംഗ്-അലയടിക്കുന്ന വീരസ്മരണകള്‍

Bhagat Singh
FILEFILE

ഇരുപത്തിനാലാം വയസ്സില്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി കൊടുത്ത ധീര ദേശാഭിമാനിയായ ഭഗത് സിംഗിന്‍റെ ജയന്തി ദിനമാണ് സെപ്റ്റംബര്‍ 28.

ഭഗത് സിംഗ്! ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ പേരുകാരന്‍ പകര്‍ന്ന വിപ്ളവച്ചൂട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം സംഘടിപ്പിച്ചതിന്‍റെ പേരില്‍ 1931 മാര്‍ച്ച് 23നാണ് ഭഗത് സിംഗിനെ വെള്ളപ്പട്ടാളം തൂക്കിലേറ്റിയത്.ഭഗതിനൊപ്പം മരിക്കാന്‍ സുഖ്ദേവും രാജ്ഗുരുവുമുണ്ടായിരുന്നു.

1907 സെപ്റ്റംബര്‍ 28ന് പഞ്ചാബിലെ ബല്‍ഗലായപ്പൂരിലാണ് ഭഗത് സിംഗ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ കുഷന്‍സിംഗിന്‍റെയും വിദ്യാവതിയുടെയും പുത്രന് പോരാട്ട വീര്യം മാതാപിതാക്കള്‍ തന്നെയാണ് പകര്‍ന്നത്.

കുട്ടിക്കാലത്തേ ധീരനായിരുന്നു ഭഗത്.ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമേന്തി പോരാടണമെന്ന നിശ്ചയ ദാര്‍ഢ്യം കുഞ്ഞു നാളിലേ ആ മനസ്സിലുണ്ടായിരുന്നു.

അച്ഛനും സുഹൃത്തും നടക്കാന്‍ പോകുമ്പോള്‍ ഒരിക്കല്‍ കൊച്ചു ഭഗത്തും കൂടെ പോയി. നടന്നു നടന്ന് ഒരു വയല്‍ വരമ്പിലൂടെ അവര്‍ പോവുകയായിരുന്നു. പിന്നില്‍ നടന്നിരുന്ന കുഞ്ഞിന്‍റെ കാലൊച്ച കേള്‍ക്കാതിരുന്നപ്പോള്‍ അച്ഛന്‍ തിരിഞ്ഞു നോക്കി.

ഭഗത്ത് വയല്‍ വരമ്പില്‍ കുത്തിയിരിക്കുകയായിരുന്നു. എന്തു പറ്റി എന്നു തിരക്കിയപ്പോള്‍ ഞാനിവിടെയെല്ലാം തോക്കുകള്‍ കൃഷി ചെയ്യും എന്നായിരുന്നു കുഞ്ഞിന്‍റേ മറുപടി.

ചെറുപ്പത്തിലെ വിവാഹിതനാവുന്നതു തടയാന്‍ ഭഗത്ത് ഒളിച്ചോടി നൗജവാന്‍ ഭാരത് സമാജില്‍ ചേര്‍ന്നു. ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല യുവാവായ ഭഗത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. അവിടത്തെ ചോരയില്‍ കുതിര്‍ന്ന ഒരുപിടി മണ്ണ് അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു.

1926 ല്‍ ഭഗത്സിംഗ് നൗജവാന്‍ ഭാരത് സഭ രൂപീകരിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം നൗജവാന്‍ ഭാരതി സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കന്‍ അസോയിയേഷന്‍ എന്ന വിപ്ളവരാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു പുറത്താക്കുക, സമത്വാധിഷ്ഠിതമായ സ്വതന്ത്രഭരണം സ്ഥാപിക്കുക - ഇതായിരുന്നു ഭഗത്തിന്‍റെ ലക്‍ഷ്യം.

1929 ഏപ്രില്‍ എട്ടിന് തൊഴില്‍ തര്‍ക്കബില്ലും പൊതുബില്ലും സുരക്ഷാബില്ലും അവതരിപ്പിക്കാനിരിക്കെ അസംബ്ളി മന്ദിരത്തില്‍ ഭഗത്സിംഗും കൂട്ടരും ബോംബെറിഞ്ഞു.

T SASI MOHAN|
ജയിലിലായ ഭഗത്സിംഗിന്‍റെയും കൂട്ടുകാരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ലാഹോര്‍ ഗൂഢാലോചനക്കേസ്! ഇതിന്‍റെ പേരിലാണ് ബ്രിട്ടീഷുകാര്‍ ഭഗത് സിംഗിനെ തൂക്കിലേറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :