ആധുനിക ഇന്ത്യയുടെ പുനര്‍നിര്‍മ്മാണത്തില്‍ നിസ്തുലമായ സംഭാവന നല്‍കിയ മഹാനുഭാവനാണ് ഒറ്റപ്പാലത്തുകാരനായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍.
ഒരു നൂറ്റാണ്ടു മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ അദ്ധ്യക്ഷനായി അദ്ദേഹം.ചേറ്റൂരിന്‍റെ സ്മാരകമായി ഒറ്റപ്പാലത്തെ വീട് സംരക്ഷിച്ചിട്ടുണ്ട്.
സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ചരമദിനം ഏപ്രില്‍ 22നാണ്. മദ്രാസ് സര്‍ക്കാറിന്‍റെ തഹസീല്‍ദാരായിരുന്ന രാമുണ്ണി പണിക്കരുടെ മകനായി 1857 ജൂണ്‍ 11 ന് ചേറ്റൂര്‍ തറവാട്ടില്‍ ജനിച്ചു.
1934ല്‍ എഴുപത്തേഴാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. 2004 ല്‍ അദ്ദേഹത്തിന്‍റെ എഴുപതാം ചരമ വാര്‍ഷിക മായിരുന്നു
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഏക മലയാളി അദ്ധ്യക്ഷന്‍, പ്രശസ്തനായ ക്രിമിനല്‍ വക്കീല്‍, സ്വാതന്ത്യ സമര സേനാനി, ഹൈന്ദവ പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു അദ്ദേഹം.
ദേശീയ പ്രസ്ഥാനങ്ങളില്‍ പങ്കെടുത്ത ചേറ്റൂര്‍ ശങ്കരന്‍ നായര്‍ മദ്രാസില്‍ 1897 ല്‍ നടന്ന ആദ്യ പ്രവിശ്യാ സമ്മേളനത്തിലെ അദ്ധ്യക്ഷ പദവി അലങ്കരിച്ചു.
പിന്നീട് അമരാവതിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ അദ്ദേഹത്തെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. 1900 ല്‍ മദ്രാസ് ലെജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
രാഷ്ട്രീയത്തോടു വിട പറഞ്ഞ ഇദ്ദേഹം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ നിയോഗിക്കപ്പെട്ട സൈമന്‍ കമ്മീഷനെ ഇന്ത്യന്‍ ജനതയുടെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള കമ്മിറ്റിയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു.
1908-1921 കാലയളവില്‍ അദ്ദേഹം വിവിധ ഔദ്യോഗിക പദവികള്‍ അലങ്കരിച്ചിരുന്നു. മദ്രാസ് റിവ്യൂ വിന്‍റെ സ്ഥാപക പത്രാധിപരും, മദ്രാസ് നിയമ ജേര്‍ണലിന്‍റെ എഡിറ്ററുമായി പ്രവര്‍ത്തിച്ചു അദ്ദേഹം.
ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തല്‍ ഭരണത്തെ എതിര്‍ത്ത അദ്ദേഹം ഇംഗ്ളണ്ടിലെ ജനാധിപത്യ ഭരണക്രമത്തെ അനുകൂലിച്ചിരുന്നു. സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കാന്‍ അദ്ദേഹം ഒരിക്കലും വിമുഖത കാട്ടിയിരുന്നില്ല.
ഗാന്ധിജി ആന്‍ഡ് അനാര്‍ക്കി എന്ന അദ്ദേഹത്തിന്‍റെ പുസ്തകം അക്കാലത്ത് ഏറെ വിവാദങ്ങള്‍ക്കു വഴിതെളിച്ചു. അതില്‍ ഗാന്ധിജിയുടെ ആശയങ്ങളോടു യോജിക്കാത്ത കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ തുറന്നെഴുതിയിരുന്നു.