നേതാജി മരിച്ചിട്ടില്ലെന്ന് ഇപ്പോഴും ഇന്ത്യാക്കാര്‍ വിശ്വസിക്കുന്നു. കോടിക്കണക്കിന് വരുന്ന ഭാരതീയരുടെ മനസില്‍ സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജിക്ക് ഒരിക്കലും മരണമില്ല
നിങ്ങള്‍ക്ക് വിടര്‍ന്ന പനിനീര്‍പ്പൂവിന്‍റെ സൗരഭ്യം വേണോ? എങ്കില്‍ അതിന്‍റെ മുളളുകളെക്കൂടി സ്വീകരിക്കണം. നിങ്ങള്‍ക്കു പുഞ്ചിരിക്കുന്ന പുലരിയുടെ മാധുര്യം വേണോ എങ്കില്‍ രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ക്കൂടി കടന്നു പോകണം.
നിങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ ആനന്ദവും ആശ്വാസവും വേണോ? എങ്കില്‍ അതിനുളള വില കൊടുക്കണം. സ്വാതന്ത്ര്യത്തിന്‍റെ വില ത്യാഗവും യാതനയുമത്രേ.............
ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി ഇരുപത്തിമൂന്നാം തീയതി ജനനം. അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസ്, അമ്മ പ്രഭാവതി, 1912 ല്‍ ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജാനകീനാഥബോസ് ഗാന്ധിജിയുടെ വിശ്വസ്തനായ അനുയായിയായിരുന്നു.
ഒന്‍പതാമത്തെ പുത്രനായിരുന്നു സുഭാഷ്. പതിമൂന്ന് സഹോദരീ സഹോദരര്‍. കട്ടക് ഇംഗ്ളീഷ് സ്ക്കൂളില്‍ വിദ്യാഭ്യാസം നടത്തി. 1913 ല്‍ മെട്രിക്കുലേഷന്‍. 1915 ല്‍ ഇന്‍റര്‍മീഡിയേറ്റ്. 1919 ല്‍ ഉപരിപഠനാര്‍ത്ഥം ഇംഗ്ളണ്ടില്‍ പോയി. 1920 ല്‍ ഐ. സി. എസ് പാസായി.
1921 ജൂലൈയില്‍ ബോംബെയില്‍ മടങ്ങിയെത്തിയ സുഭാഷ് ഗാന്ധിജിയെ ചെന്നു കണ്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനുളള തന്‍റെ ആഗ്രഹം അറിയിച്ചു. ചിത്തരഞ്ജന്‍ദാസിനെ ചെന്നു കാണാനായിരുന്നു ഗാന്ധിജിയുടെ നിര്‍ദ്ദേശം.
1920ല്‍ വെയില്‍സ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാജകുമാരന്‍റെ സന്ദര്‍ശനംബഹിഷ്ക്കരിക്കാന്‍ കോണ്‍ഗ്രസ് വ്യാപകമായ പ്രചാരണം നടത്തി. ചിത്തരഞ്ജന്‍ ദാസ് അറസ്റ്റു ചെയ്യപ്പെട്ടു. കൂടെ സുഭാഷും. അടുത്ത വര്‍ഷം ജയില്‍ മോചിതനായി.