പ്രിയങ്ക ശശിധരന്‍|
Last Updated:
ബുധന്‍, 20 ജൂലൈ 2016 (07:35 IST)
അനേകം പേര്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന വിശ്വാസവും ശാസ്ത്രവും ഇഴകലര്‍ന്ന മേഖലയാണ് ജ്യോതിഷം. ആകാശ ഗോളങ്ങള്‍ക്ക് മനുഷ്യജീവിതത്തെ സ്വാധീനിക്കാനാകുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാന്‍ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന് അടിസ്ഥാനം. ബിസി ഏഴാം നൂറ്റാണ്ടില്‍ ബാബിലോണിയയില്‍ ഉദയം കൊണ്ട ജ്യോതിഷത്തിന് ഇന്ത്യയില്‍ വളരെയധികം പ്രചാരമുണ്ട്. ഹിന്ദുമത വിശ്വാസികള്‍ ജ്യോതിഷത്തിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ബൈബിളില്‍ ജ്യോതിഷത്തോട് നിഷേധാത്മകമായ സമീപനമാണുള്ളത്.
ക്രൈസ്തവ വിശ്വാസമനുസരിച്ച് ദൈവാത്മാവിന് പ്രചോദനത്താലും നിരന്തര സഹായത്താലും രചിക്കപ്പെട്ട ബൈബിള്‍ ജ്യോതിഷത്തെ തള്ളിപ്പറയുന്നു.
ബൈബിളിന്റെ കാഴ്ചപ്പാടില്‍ ആകാശഗോളങ്ങള്‍ ദൈവത്തിന്റെ അടയാളങ്ങളാണ്. അവ മനുഷ്യന്റെ ജീവിതത്തെ പ്രവചിക്കുന്നതിന് ഉതകുന്നതല്ല.
''ദൈവം വീണ്ടും അരുളി ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ.'' (ഉത്പത്തി 1:14). ''നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും എല്ലാ ആകാശഗോളങ്ങളെയും കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍.'' (നിയമാവര്‍ത്തനം 4:19)
ഭാവി പ്രവചിക്കാന്‍ കഴിയും എന്ന് അവകാശപ്പെടുന്നവരെ ദുരാചാരമായി കാണുന്ന പഴയനിയമം അവരുടെ പ്രവചനങ്ങള്‍ വ്യാജമാണെന്നും ഓര്‍മ്മപ്പെടുത്തുന്നു. ''നിന്റെ ദൈവമായ കര്‍ത്താവ് തരുന്ന ദേശത്ത് നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ദ്രോഹിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ കര്‍ത്താവിന് നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുമ്പില്‍ നിന്ന് നിഷ്‌കാസനം ചെയ്യുന്നത്. നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്നില്‍ നീ കുറ്റമറ്റവനായിരിക്കണം. നീ കീഴടക്കാന്‍ പോകുന്ന ജനതകള്‍ ജ്യോത്സ്യരെയും പ്രാശ്‌നികരെയും ശ്രവിച്ചിരുന്നു. എന്നാല്‍ നിന്റെ കര്‍ത്താവ് നിന്നെ അതിന് അനുവദിച്ചിട്ടില്ല'' (നിയമാവര്‍ത്തനം 18:9-14)
ഭാവി പ്രവചിക്കുന്നവരും പ്രവാചകന്മാരും ജനങ്ങളെ വഞ്ചിക്കുന്നവരാണെന്നും അവരെ വിശ്വസിക്കരുതെന്നും ബൈബിളില്‍ പറയുന്നു.
ഇസ്രായേല്‍ ചരിത്രത്തിന്റെ വിവരണത്തില്‍ മനാസ്സെ രാജാവ് ചെയ്ത മ്ലേച്ഛപ്രവൃത്തികള്‍ വിവരിക്കുന്നിടത്ത് ഇങ്ങനെ കാണാം: ''തന്റെ പുത്രനെ ബലിയര്‍പ്പിക്കുകയും ഭാവിപ്രവചനം, ശകുനം, ആഭിചാരം, മന്ത്രവാദം എന്നിവ സ്വീകരിക്കുകയും ചെയ്തു. വളരെയധികം തിന്മ ചെയ്ത് അവന്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.'' (2 രാജാക്കന്മാര്‍ 21:6)
ശകുനം നോക്കുന്നതിനെ ശക്തമായ ഭാഷയിലാണ് പഴയനിയമം വിലക്കുന്നത്. ''നിങ്ങള്‍ ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്'' (ലേവ്യര്‍ 19:26). ''നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്.'' (ലേവ്യര്‍ 19:31)
നാളെ എന്ത് സംഭവിക്കും എന്ന് തങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയുമെന്ന് ജ്യോതിഷികള്‍ അവകാശപ്പെടുമ്പോള്‍ പുതിയ നിയമം അത് നിഷേധിക്കുന്നു.
യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് ആകാശത്ത് നക്ഷത്രം ഉദിച്ചിരുന്നു എന്ന പരാമര്‍ശം തങ്ങള്‍ക്ക് അനുകൂലമായി ജ്യോതിഷികള്‍ പറയുന്നു. എന്നാല്‍ അതിനെ ജ്യോതിഷവുമായി ബന്ധപ്പെടുത്താന്‍ തെളിവൊന്നുമില്ലെന്നും പഴയ നിയമം ജ്യോതിഷത്തെ ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ കിഴക്ക് ഉദിച്ച നക്ഷത്രവും ജ്യോതിഷവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും വിശ്വാസികളും ബൈബിള്‍ പണ്ഡിതരും വിശദീകരിക്കുന്നു.
ബൈബിളില്‍ ജ്യോതിഷത്തെ തള്ളിപ്പറയുമ്പോഴും പലരും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരെ അവിശ്വാസികളായാണ് ബൈബിള്‍ കണ്ടിരുന്നത്. 1108ല്‍ യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പിന്റെ തലയണക്കീഴില്‍ നിന്നും ഒരു ജ്യോതിഷ ഗ്രന്ഥം കണ്ടെടുത്തു എന്ന ഒരൊറ്റ കാരണത്താല്‍ അദ്ദേഹത്തിന്റെ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ പോലും അനുവദിച്ചില്ല. ഗ്രഹങ്ങളാണ് മനുഷ്യന്റെ ഭാവി നിശ്ചയിക്കുന്നതെങ്കില്‍ ദൈവത്തിന്റെ ജോലിയെന്താണെന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്.