സാമ്പത്തിക പ്രതിസന്ധിയില്‍ നിറം മങ്ങിയ ക്രിസ്തുമസ്

WEBDUNIA|
ആഘോഷങ്ങള്‍ എന്നും നിറമുള്ള സ്വപ്നങ്ങളാണ്. അതേസമയം ഒരു രാജ്യത്തെസംബന്ധിച്ച് ഇവ വലിയ സാമ്പത്തിക ഉത്തേജനങ്ങളാണ്. ക്രിസ്തുമസും ഇതിനൊരപവാദമല്ല. ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുന്നു എന്നതിനാല്‍ ഇതിന്‍റെ പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വ്യാപാരമേഖലകളിലെല്ലാം തന്നെ കച്ചവടം കുതിച്ചുയരുന്നു, അലങ്കാര വസ്തുക്കളും സമ്മാനങ്ങളും ക്രിസ്തുമസ് കേക്കുകളും വിപണിയുടെ ഹരമാവുന്നു, ഫിലിം സ്റ്റുഡിയോകള്‍ ഉയര്‍ന്ന ബജറ്റ് ചിത്രങ്ങള്‍ പുറത്തിറക്കാന്‍ ധൈര്യപ്പെടുന്നു. ഒക്ടോബര്‍ മാസത്തോടുകൂടി തന്നെ അമേരിക്കയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും ക്രിസ്തുമസ് ഷോപ്പിംഗിന് തുടക്കമിടാറുണ്ട്. കാനഡയില്‍ ഹാലോവീനു (ഒക്ടോ 31) മുമ്പെത്തന്നെ ക്രിസ്തുമസ് ഷോപ്പിംഗുമായി ബന്ധപ്പെട്ട പരസ്യപ്രചരണങ്ങള്‍ തുടങ്ങുന്നു.

എന്നാല്‍ പതിവില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് ഈ വര്‍ഷത്തേത്. ഒരിടത്തും പഴയ ഉത്സാഹം കാണാനില്ല, പകരം നിരാശയും ഉത്കണ്ഠയും തളം കെട്ടി നില്‍ക്കുന്നു. മിക്കരാജ്യങ്ങളിലും വിപണികള്‍ ആലസ്യത്തിലാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി ക്രിസ്തുമസിന്റെ വര്‍ണപൊലിമയില്‍ കരിനിഴല്‍ വീഴ്ത്തും എന്നു തന്നെയാണ് ഇതു നല്‍കുന്ന പാഠം. അമേരിക്കയില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം 61 ശതമാനം ആളുകളും പറഞ്ഞത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവ് പണം മാത്രമേ ഈ വര്‍ഷം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് അവര്‍ ചെലവിടുകയുള്ളൂ എന്നാണ്. 28 ശതമാനം ആളുകള്‍ കഴിഞ്ഞവര്‍ഷത്തെപോലെത്തന്നെ ചെലവാക്കുമെന്നു പറഞ്ഞപ്പോള്‍ 5 ശതമാനം ആളുകള്‍ മാത്രമേ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞുള്ളൂ. യൂറോപ്പിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ വര്‍ഷത്തെ ക്രിസ്തുമസിന് ഭക്ഷണത്തിനും പാനീയത്തിനുമായി കുറച്ച് പണം മാത്രം ചിലവിടാന്‍ അവിടത്തെ ജനത തയ്യാറെടുക്കുന്നതായാണ് അറിയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :