കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി വീട്ടുകാര്‍, അവര്‍ക്ക് മുന്നിലിരുന്ന് ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള ബൈബിള്‍ ഭാഗം വായിക്കുന്ന കുട്ടികള്‍...ഇറാക്കിലെ ക്രിസ്മസ് ദിനങ്ങളിലെ പതിവ് കാഴ്ചയാണിത്. ബൈബിള്‍ വായന കഴിഞ്ഞാലുടന്‍ ഉണങ്ങിയ മുള്‍ച്ചെടി കത്തിക്കും, മുള്‍ച്ചെടി നന്നായി കത്തി ചാരമായാല്‍ അത് ഭാഗ്യമാണെന്നും കുടുംബത്തിന് വരുംവര്‍ഷം ശുഭമായിരിക്കുമെന്നുമാണ് സങ്കല്‍പ്പം. പിന്നീട് ഈ ചാരത്തിലേക്ക് എല്ലാവരും മൂന്നുവട്ടം ചാടി പരസ്പരം ആശംസകള്‍ നേരുന്നു. പള്ളിയില്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ ഉണ്ണിയേശുവിന്റെ രൂപം വഹിച്ചുള്ള പ്രദിക്ഷണത്തിനൊടുവില്‍ ഏവരും പള്ളിയില്‍ ഒത്തുചേരുന്നു. ഈ സമയം ബിഷപ്പ് ഒരാളെ സ്പര്‍ശിക്കുകയും ഇയാള്‍ അടുത്തയാളെ സ്പര്‍ശിക്കുകയും അങ്ങനെ ബിഷപ്പില്‍ നിന്നുള്ള സ്പര്‍ശം എല്ലാവരിലേക്കും പകരുകയും ചെയ്യുന്നു.
പ്രാര്‍ത്ഥനാപൂര്‍വം റഷ്യക്കാര്‍
ക്രിസ്മസ് രാവില്‍ ആദ്യനക്ഷത്രം മാനത്ത് പ്രത്യക്ഷപ്പെടുന്നതുവരെയുള്ള 39 ദിവസത്തോളം നോമ്പുനോക്കിയും പ്രാര്‍ത്ഥിച്ചുമാണ് റഷ്യക്കാര്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ തറയില്‍ വൈക്കോല്‍ വിതറുന്നതിലൂടെ വരുംവര്‍ഷങ്ങളില്‍ സമൃദ്ധമായ വിളപ്പെടുപ്പ് ലഭിക്കുമെന്നാണ് റഷ്യക്കാരുടെ വിശ്വാസം. ഒപ്പം കോഴികളെപ്പോലെ ഇവര്‍ കൂവുകയും ചെയ്യും. ഇങ്ങനെ ചെയ്താല്‍ അടുത്തവര്‍ഷം കോഴി ധാരാളം മുട്ടയിടുമെന്നാണ് വിശ്വാസം. മുത്തശ്ശിയില്‍ നിന്നും ക്രിസ്മസ് സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്ന പതിവും റഷ്യയില്‍ ഉണ്ട്.
എത്യോപ്യന്‍ ക്രിസ്മസ് ജനുവരിയില്‍
ജനുവരി ഏഴിനാണ് എത്യോപ്യയില്‍ ക്രിസ്മസ് ആഘോഷം. പള്ളിയിലേക്ക് കടന്നുവരുന്ന വിശ്വാസികള്‍ക്ക് മെഴുകുതിരികള്‍ നല്‍കും. അതും കത്തിച്ച് പള്ളിക്ക് ചുറ്റും മൂന്നുവട്ടം പ്രദിക്ഷണം വച്ചതിനുശേഷം മൂന്നുമണിക്കൂര്‍ നീളുന്ന പ്രാര്‍ത്ഥനയില്‍ ഏവരും ഒരുനിമിഷം പോലും ഇരിക്കാതെ നിന്നുകൊണ്ട് പങ്കുകൊള്ളും. സാധാരണയായി വസ്ത്രങ്ങളാണ് ക്രിസ്മസിന് സമ്മാനമായി നല്‍കാറുള്ളത്. ക്രിസ്മസ് ദിനത്തില്‍ വീടിനുപുറത്ത് പ്രാര്‍ത്ഥനയിലും ഗാനാലാപനത്തിലും കഴിച്ചുകൂട്ടാനാണ് എത്യോപ്യക്കാര്‍ ഇഷ്ടപ്പെടുന്നത്.