സ്ത്രീശക്തി: സഹജഗുണങ്ങള്‍ പ്രചോദനമാവുന്നു

WEBDUNIA|

ജൈവപരമായി പുരുഷനില്‍ നിന്ന് സ്ത്രീയെ വേര്‍തിരിച്ചു നിര്‍ത്തുന്ന സ്വഭാവ സവിശേഷതകള്‍ സൗമ്യവും ആര്‍ദ്രവുമായ സാന്നിദ്ധ്യമാകാന്‍ അവളെ സഹായിക്കുന്നു. സ്ത്രീയില്‍ പെണ്‍മയുടെ ഭാവങ്ങള്‍ ഉണര്‍ത്താന്‍ ഹോര്‍മോണുകള്‍ നല്ല പങ്കുവഹിക്കുന്നുണ്ട്.

സ്ത്രീയില്‍ പ്രകടമായി കാണുവാന്‍ കഴിയുന്ന കാരുണ്യവും പരിചരണ മനോഭാവവുമെല്ലാം ജൈവപരമായി നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഘടകങ്ങളാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്ത്രീയില്‍ മാതൃഭാവങ്ങള്‍ ഉണര്‍ത്തത്തക്ക വിധമാണ് അവളുടെ തലച്ചോറിനെ രൂപപ്പെടുത്തിയിരിക്കുന്നത്. സ്ത്രീയില്‍ പ്രകടമായ ആര്‍ദ്ര വികാരത്തിന് പ്രചോദനമേകുന്നതാണ് ഈ മാതൃഭാവം.

സ്ത്രീയുടെ പരിചരണം വൃദ്ധര്‍ക്കും രോഗികള്‍ക്കും സാന്ത്വനമായി മാറുന്നത് അവളില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ മാതൃഭാവം കൊണ്ടാണ്. ആതുര സേവന രംഗത്ത് ശക്തമായ സാന്നിദ്ധ്യമാവാന്‍ സ്ത്രീക്ക് കഴിയുന്നതും ഇതുകൊണ്ടുതന്നെ.

അദ്ധ്യാപക വൃത്തിയില്‍ തിളങ്ങുന്നത് ഏറെയും സ്ത്രീകളാണല്ലോ. അമ്മയുടെ സ്നേഹ പരിചരണങ്ങളില്‍ നിന്നും പുറം ലോകത്തെത്തിയതിന്‍റെ പകപ്പോടെ നില്‍ക്കുന്ന കുഞ്ഞോമനകള്‍ക്ക് മുന്‍പില്‍ സ്നേഹത്തിന്‍റെ കരസ്പര്‍ശവുമായി അദ്ധ്യാപിക. ഈ ആര്‍ദ്രമായ സാമീപ്യം മുതിര്‍ന്ന ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ എത്തിയതിനു ശേഷവും അവര്‍ക്ക് മധുരസ്മരണയാവുന്നു.

കേരളത്തില്‍ അധ്യാപന മേഖലയില്‍ പുരുഷന്‍മാരേക്കാളേറെ സ്ത്രീകളാണെന്നതും എതുതന്നെ കാരണം ആശയ വിനിമയത്തിനും കുട്ടികളുടെ മനസില്‍ ചേക്കാറുവാനുള്ള കഴിവ് കൂടുതലായതിനാലും ആണ്.

വിഷമാവസ്ഥയില്‍ പോലും സ്ത്രീകളുടെ തലച്ചോറില്‍ ഭാഷയെ സംബന്ധിക്കുന്ന ഭാഗമാണ് കൂടുതല്‍ പ്രവര്‍ത്തന ക്ഷമം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ട് വാക്കുകളെ അവസരോചിതമായി പ്രയോഗിക്കാന്‍ അവള്‍ക്കു കഴിയുന്നു.

സഹജ-ഗുണങ്ങള്‍ കൊണ്ട് ചില മേഖലകളില്‍ സ്ത്രീകള്‍ തിളങ്ങുന്നു എന്നതു കൊണ്ട് മറ്റ് രംഗങ്ങളില്‍ അവര്‍ പിന്നോക്കമാണ് എന്നര്‍ത്ഥമില്ല. ഏത് വിദ്യയും പരിശീലനം കൊണ്ട് സ്ത്രീകള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയും.

പുരുഷന്‍റെയും സ്ത്രീകളുടെയും ജൈവിക ഗുണങ്ങള്‍ താരതമ്യം ചെയ്ത് ആരാണ് മുന്നില്‍ എന്ന് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. സ്വന്തം ജൈവിക ഗുണങ്ങളെ ജീവിത വിജയത്തിന് ഒരു തടസ്സമായി സ്ത്രീ കാണരുത്. തന്നില്‍ അന്തര്‍ലീനമായുള്ള ഗുണങ്ങളെ ശക്തിയായി കരുതുകയും അവയെ വളര്‍ത്താന്‍ ശ്രമിക്കുകയും വേണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :