പ്രണയം നിലനിര്‍ത്താന്‍ 9 കല്പനകള്‍

PTIPTI
ദാമ്പത്യം സ്നേഹത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും ചേരുവകള്‍ നിറഞ്ഞതാണ്. പുരുഷന്‍ സ്ത്രീക്ക് ഹിതമായതും സ്ത്രീ പുരുഷന് ഇഷ്ടമുള്ളതും ചെയ്യണം. എന്നാലേ തുടക്കത്തിലുള്ള പ്രണയം ദാമ്പത്യത്തിന്‍റെ വരും നാളുകളിലും നിലനിര്‍ത്താനാവൂ.

പരുഷന്‍റെ മനോഗതിക്കനുസരിച്ച് പെരുമാറാന്‍ സ്ത്രീകള്‍ക്ക് ഒന്‍പത് കല്പനകള്‍. ഇത് സ്ത്രീയുടെ മാത്രം ഭാഗത്ത് നിന്നുള്ള കാഴ്ചപ്പാടാണ് കേട്ടോ.

തുണയാവണം

സ്ത്രീ ഇണയായാല്‍ മാത്രം പോര തുണയാവുകയും വേണം. പുള്ളിക്കാരന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കൂട്ടാവണം. ഭര്‍ത്താവ് പാടുമെങ്കില്‍ അത് കേള്‍ക്കാന്‍, അഭിനന്ദിക്കാന്‍ നിങ്ങളാണ് ആദ്യമുണ്ടാവേണ്ടത്. ഭര്‍ത്താവിന് താത്പര്യമുള്ള വിഷയങ്ങള്‍ കണ്ടെത്തി അവയെക്കുറിച്ച് പഠിക്കുകയും അവയെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുകയും വേണം. അപ്പോള്‍ ഇരുവര്‍ക്കും കുറെ നേരം ഒരുമിച്ച് സംസാരിച്ചിരിക്കാം.

മുന്‍കൈയെടുക്കണം

എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്യട്ടെ എന്നു കാത്തിരിക്കരുത്. ചില കാര്യങ്ങളിലെങ്കിലും നിങ്ങള്‍ മുന്‍കൈ എടുക്കണം. നഗരത്തിലെ പ്രത്യേകതയുള്ള ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാമെന്ന് നിര്‍ദ്ദേശിക്കാം. ഒരുമിച്ചൊരു നൃത്തം കാണാമെന്നോ, അല്പനേരം പാര്‍ക്കിലിരിക്കാമെന്നോ പറയാം. മുല്ലപ്പൂ ചൂടി സ്ത്രൈണമായ വശ്യത അദ്ദേഹത്തിലാവേശിക്കാം. കിടക്കറയില്‍ ചിലപ്പോഴെങ്കിലും കൊതിപ്പിക്കുന്ന രീതിയില്‍ പെരുമാറുകയുമാവാം.

പിടിച്ചുവയ്ക്കരുത്

അതിരുകള്‍ കൊണ്ടും നിര്‍ബന്ധങ്ങള്‍ കൊണ്ടും ഭര്‍ത്താവിനെ വീട്ടിലോ തന്‍റെയരികിലോ നിര്‍ത്താന്‍ ശ്രമിക്കരുത്. ഭര്‍ത്താവിന് സ്വാതന്ത്ര്യം നല്‍കണം. എങ്കിലേ ഒരുമിച്ചുണ്ടാവുമ്പോള്‍ ഭര്‍ത്താവ് നിങ്ങളുടെ മാത്രമായി അടുത്തുണ്ടാവൂ.

കെഞ്ചരുത്, കൊഞ്ചരുത്

എനിയ്ക്കതുവേണം ഇതുവേണമെന്നു പറഞ്ഞു കെഞ്ചുന്ന കുഞ്ഞാവരുത് ഭാര്യ. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തിയുണ്ടെന്ന് തെളിയിക്കണം. എന്തിനുമേതിനും ഭര്‍ത്താവ് തന്നെ വേണമെന്ന അവസ്ഥ പാടില്ല. പാറ്റയെ, ചിലന്തിയേയോ കൊല്ലുന്ന കാര്യമൊഴിച്ചാല്‍. അവിടെ ഒരു ദുഷ്ടനാവാന്‍ ഭര്‍ത്താവിന് അവസരം കൊടുക്കാം.

ധൃതി കൂട്ടരുത്

വീട്, വാഹനം, ആഭരണം ഒന്നിനും ധൃതി കൂട്ടരുത്. ഇവയെല്ലാം സ്വന്തമാക്കാന്‍ ഭര്‍ത്താവിന് സമയം നല്‍കുക. പെട്ടെന്ന് നടക്കാത്ത കാര്യം അവര്‍ക്കായി തിരക്കു കൂട്ടിയാല്‍ ഭര്‍ത്താവിന് സ്വയം വിശ്വാസം നഷ്ടപ്പെടും.

എളുപ്പത്തില്‍ വിട്ടുകൊടുക്കരുത്

പുരുഷന്മാര്‍ സാഹസികരാണ്. കൈയെത്തിപ്പിടിക്കാവുന്നിടത്തുള്ളത് കിട്ടുന്നത് അവര്‍ക്ക് കമ്പമില്ല. അല്പം പണിപ്പെട്ട് സ്വന്തമാക്കുന്നതിലാണ് കൗതുകം. അതുകൊണ്ട് ഒന്നുമങ്ങ് വെറുതേ വിട്ടുകൊടുക്കരുത്. ആവശ്യപ്പെടും മുമ്പെ ചെയ്തു കൊടുക്കുകയും അരുത്. ഭര്‍ത്താവ് ഒരല്പം കാത്തിരിക്കണം, കുറച്ച് കൊതിച്ചിരിക്കണം, ഭാര്യയെ ചൊല്ലി ആവേശഭരിതനാവണം എന്നാലേ ഭാര്യയുടെ സൗന്ദര്യവും ലൈംഗികതയും പുരുഷന്‍ തിരിച്ചറിയൂ.

പറയാനുള്ളത് കേള്‍ക്കുക

പുരുഷന്‍ എല്ലാം തുറന്നു പറയുന്ന പ്രകൃതക്കാരനല്ല. പ്രത്യേകിച്ച് വിഷമങ്ങള്‍. ഭര്‍ത്താവ് തുറന്നു പറയുമ്പോള്‍ കേള്‍ക്കാന്‍ മനസ്സുണ്ടാവണം. ആവശ്യമെങ്കില്‍ ആശ്വസിപ്പിക്കണം. തലോടുകയോ പുണരുകയോ ആവാം. അപ്പോഴവനൊരു കൊച്ചു കുഞ്ഞാവുന്നത് കാണാം.

ഉണ്ടില്ലെങ്കിലും അവനെ ഊട്ടുക

പുരുഷന്‍റെ ഹൃദയത്തിലേക്കുള്ള വഴി അവന്‍റെ വയറിലൂടെയാണ് എന്നൊരു ചൊല്ലുണ്ട്. രുചിയേറിയ കൊതിയൂറുന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കി ഭര്‍ത്താവിന് കൊടുക്കുന്നതിനേക്കാള്‍ മികച്ചതൊന്നുമില്ല അവന്‍റെ പ്രീതി പിടിച്ചു പറ്റാന്‍.

പുകഴ്ത്തുക, ഇകഴ്ത്തരുത്

പുകഴ്ത്തലില്‍ വീഴുന്നവരാണ് മിക്ക പുരുഷന്മാരും. ഭര്‍ത്താവിന്‍റെ പ്രവൃത്തികള്‍ നല്ലതാണെങ്കില്‍ അത് തുറന്നു പറയുക. അതെത്രമാത്രമാണ് തന്നെ സന്തോഷിപ്പിച്ചു എന്നറിയിക്കുക. താന്‍ എത്രമാതം സ്നേഹിക്കുന്നുവെന്ന് ഇടയ്ക്കിടെ ഭര്‍ത്താവിനെ ഓര്‍മ്മിപ്പിക്കാന്‍ പാകത്തിലുള്ള എന്തെങ്കിലും ചെയ്യണം. പക്ഷെ അധികമാവരുത് എന്നു മാത്രം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :