പുളിയുടെ തോല്, വേര്, ഇല, കായ്, തോട്, തളിര് എന്നിവയെല്ലാം ഔഷധയോഗ്യമാണ്. ശരീരത്തിലുണ്ടാകുന്ന മുറിവുകളും വ്രണങ്ങളും കരിയാന്‍ പുളിയിലയും സമം കറിവേപ്പിലയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകിയാല്‍ മതി.
വാളമ്പുളി ഉണക്കിപ്പൊടിച്ച ചൂര്‍ണ്ണം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കണ്ഠശുദ്ധിക്കും ശബ്ദശുദ്ധിക്കും നല്ലതാണ്. പുളിയില വെന്ത വെള്ളത്തില്‍ കുളിക്കുന്നത് ശരീരക്ഷീണത്തിനും വേദനയ്ക്കും പരിഹാരമാണ്.
പുളിമരത്തിന്റെ തളിര് ചട്ണിയുണ്ടാക്കി കഴിക്കുന്നത് അത്യുഷ്ണവും പിത്തവും ശമിപ്പിക്കും. വായുകോപത്തിന് മൂത്തപുളിയില നന്നാണ്.
പുളിയില ആവണക്കെണ്ണയില്‍ ചൂടാക്കി വേദനയോ വീക്കമോ ഉള്ളയിടത്ത് വച്ചുകെട്ടുന്നത് നല്ല പ്രതിവിധിയാണ്. പഴയപുളി പാകത്തിന് ഉപയോഗിക്കുന്നത് മലശോധനയ്ക്ക് നന്ന്.
പുളിങ്കുരു വറുത്ത് തോല് കളഞ്ഞ് സമം കുറുന്തോട്ടി, നിലപ്പന കിഴങ്ങ്, ആനഞെരിഞ്ഞില്‍ അഞ്ചിലൊരു ഭാഗം കീഴാര്‍നെല്ലി, ഓരിലത്താമ എന്നിവ ചേര്‍ത്ത് പൊടിച്ച് ലേഹ്യമുണ്ടാക്കി കഴിച്ചാല്‍ ശരീരത്തിന് ബലവും ധാതുശക്തിയും കൂടൂം.
പുളിങ്കുരുവിന്റെ തോല് പ്രമേഹത്തിന് നല്ലതാണ്. പുളിയുടെ പൂവ് ഇടിച്ച് പിഴിഞ്ഞ് അര ഔണ്‍സു വീതം രണ്ടു നേരം കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും.
പുളി കഴിച്ചാലുണ്ടാകുന്ന അസ്വസ്ഥതയ്ക്ക് ഏലത്തരി, ചുക്ക് ഇവ കഷായം വച്ച് പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.
പുളിമരം നല്ല തണല്‍ തരുമെങ്കിലും ഇതിന്റെ തണലിലുറങ്ങുന്നതോ തണല്‍ വീണു കിടക്കുന്ന വെള്ളം കുടിക്കുന്നതോ ആരോഗ്യത്തിന് നന്നല്ല.