സജിത്ത്|
Last Modified ശനി, 20 ജനുവരി 2018 (14:07 IST)
ഗര്‍ഭാവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കാനാണ് എല്ലാ സ്ത്രീകളും ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ ചിലസമയങ്ങളില്‍ ചില പ്രതിസന്ധികള്‍ പലരേയും അലട്ടാറുണ്ട്. ഗര്‍ഭകാലം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോളാണ് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുക. പലരിലും ഉത്കണ്ഠയും സമ്മര്‍ദ്ദവും പോലുള്ള പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കും.
ഗര്‍ഭിണികളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനുമെല്ലാം ഭീഷണിയാവുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം. വജൈനല്‍ ബ്ലീഡിംഗാണ് ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്. പ്രസവത്തിനു മുന്‍പ് ഇത്തരം അവസ്ഥ ഉണ്ടാവുമെങ്കിലും സ്ഥിരമായി ഇത്തരം പ്രശ്‌നം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഗര്‍ഭാവസ്ഥയില്‍ സാധാരണയായി കൈയ്യിലും കാലിലുമെല്ലാം നീര് കാണപ്പെടാറുണ്ട്. എങ്കിലും അസാധാരണമായ രീതിയിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നതെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം. പ്രസവ വേദനയേക്കാള്‍ കഠിനമായ വേദന ശരീരത്തില്‍ എവിടെയെങ്കിലും തോന്നുകയാണെങ്കിലും ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
സാധാരണ ഗര്‍ഭകാലത്ത് എല്ലാവരും അല്‍പം ഭാരം കൂടുന്നത് പതിവാണ്. എന്നാല്‍ അസാധാരണമായ തരത്തിലാണ് ഭാരം കൂടുന്നതെങ്കില്‍ അത് വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. സാധാരണ വയറു വലുതാവുന്നതോടെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്.
ഗര്‍ഭിണികള്‍ക്ക് ഫ്‌ളൂയിഡുകള്‍ പ്രസവമടുക്കുന്നതോടെ പുറത്തേക്ക് വരാറുണ്ട്. എന്നാല്‍ പ്രസവത്തിനു മുന്‍പ് ഡോക്ടര്‍ പറഞ്ഞതിനു മുന്‍പ് ഇത്തരം അവസ്ഥ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. മൂത്രം ഒഴിക്കാതിരിക്കുന്ന അവസ്ഥയും വളരെ അപകടകരമാണ്. ഇത് അമ്മക്കും കുഞ്ഞിനും ഒരു പോലെ അപകടം ഉണ്ടാക്കിയേക്കുമെന്നും വിദഗ്ദര്‍ പറയുന്നു.