വയര്‍ മറയ്ക്കുന്നതെങ്ങനെ, വിക്‌ടോറിയ വിയര്‍ക്കുന്നു!

WEBDUNIA|
PRO
PRO
ഒരു വലിയ പുലിവാലില്‍ ചെന്ന് പെട്ടിരിക്കുകയാണ് പ്രശസ്ത പോപ് ഗായികയും ഫുട്ബോള്‍ മാന്ത്രികന്‍ ഡേവിഡ് ബെക്കാമിന്റെ പ്രിയപത്നിയുമായ വിക്‌ടോറിയ ബെക്കാം. ഊണും ഉറക്കവുമില്ലാതെ ആലോചനയോട് ആലോചനയാണ് കക്ഷി! കാരണമെന്തെന്നല്ലേ? ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെയും കേറ്റ് മിഡില്‍ട്ടണിന്‍റെയും വിവാഹ മാമാങ്കത്തിന് ഭര്‍ത്താവിനും ഭാര്യയ്ക്കും ക്ഷണമുണ്ട്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നല്ലേ പറയേണ്ടൂ, മുപ്പത്താറുകാരിയായ വിക്‌ടോറിയയാകട്ടെ നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയുമാണ്.

അതിനെന്താ കുഴപ്പമെന്നല്ലേ ചിന്തിക്കുന്നത്? രാജകുമാരന്‍റെ വിവാഹ സമയമാകുമ്പോഴേക്കും വിക്‌ടോറിയ പൂര്‍ണ്ണ ഗര്‍ഭിണിയാകും. ആയിരക്കണക്കിന് വി‌വി‌ഐപികള്‍ വരുന്ന ചടങ്ങില്‍ നിറവയറുമായി പങ്കെടുക്കുന്നത് എങ്ങിനെ?! ചടങ്ങില്‍ പങ്കെടുക്കുബോള്‍ ഗര്‍ഭം എടുത്ത് കാട്ടാത്ത വിധം എങ്ങനെ വസ്ത്രം ധരിക്കാമെന്ന് ആലോചിച്ചാണ് പോപ് ഗായിക ഇപ്പോള്‍ വേവലാതി കൊണ്ട് ഉറക്കമില്ലാതെ രാത്രികള്‍ ചിലവിടുന്നത്.

“കാലഘട്ടത്തിന്‍റെ വിവാഹമായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വില്യമിന്‍റെ മിന്നുകെട്ടിനെ വിശേഷിപ്പിക്കുന്നത്. ഞങ്ങള്‍ക്ക് രാജകുടുംബത്തില്‍ അടിയുറച്ച വിശ്വാസവും ആദരവുമുണ്ട്. അതിനാല്‍ അതിയായ സന്തോഷത്തോടെയും വികാര വായ്പോടും കൂടിയാണ് ഞങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കുന്നത്” - വിക്‌ടോറിയയുടെ ഭര്‍ത്താവ് ബെക്കാം പറയുന്നു.

സംഗീതത്തില്‍ നിന്ന് ഫാ‍ഷന്‍ ഡിസൈന്‍ രംഗത്തേക്ക് കാലെടുത്ത് വച്ചിരിക്കുകയാണല്ലോ വിക്‌ടോറിയ. വില്യമിന്റെ ഭാവിവധുവായ മിഡില്‍‌ട്ടണ് ചില വിവാഹ വസ്ത്രങ്ങള്‍ രൂപകല്‍‌പന ചെയ്യാന്‍ മിഡില്‍‌ട്ടന്റെ കുടുംബാംഗങ്ങള്‍ തന്നെ വിക്‌ടോറിയയെ സമീപിച്ചിരുന്നത് ഇക്കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. തന്‍റെ ഏറ്റവും പുതിയ വസ്ത്ര ശേഖരത്തില്‍ നിന്നും വധുവിന് തിരഞ്ഞെടുത്ത ചില വസ്ത്രങ്ങള്‍ സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് വിക്ടോറിയ.

“നേരത്തെ ഞാന്‍ രൂപകല്‍‌പന ചെയ്ത ചില വസ്ത്രങ്ങള്‍ മിഡില്‍ട്ടണിന് നന്നെ ബോധിച്ചിരുന്നു. എന്‍റെ സ്പ്രിംഗ് - സമ്മര്‍ കളക്ഷനുകളില്‍ നിന്നുള്ള കിടിലന്‍ വസ്ത്രങ്ങളാണ് ഞാന്‍ മിഡില്‍‌ട്ടണ് സമ്മാനിക്കുന്നത്. ഞാന്‍ രൂപകല്‍‌പന ചെയ്ത വസ്ത്രങ്ങള്‍ വിവാഹദിനത്തില്‍ മിഡില്‍‌ട്ടണ്‍ അണിയുന്നത് എനിക്കുള്ള ആദരം തന്നെയല്ലേ?” - സ്പൈസ് ഗായികയായിരുന്ന വിക്‌ടോറിയ ചോദിക്കുന്നു.

രാജകുമാരന്റെ വിവാഹത്തിന് അടിപൊളി ഡ്രസ്സിട്ടാലും തന്റെ നിറവയര്‍ മറക്കാനാകില്ല എന്ന നഗ്നസത്യം മനസിലാക്കിയ വിക്‌ടോറിയയുടെ മുന്നിലുള്ള ഏക ആശ്വാസം താന്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണല്ലോ മിഡില്‍‌ട്ടണ്‍ വിവാഹവേദിയില്‍ പ്രത്യക്ഷപ്പെടുക എന്നാണെത്രെ! എങ്കിലും വിവി‌ഐ‌പികളുടെ മുന്നില്‍ നിറവയര്‍ മറച്ചുകൊണ്ട് പ്രത്യക്ഷപ്പെടാനുള്ള മാര്‍ഗം ആലോചിക്കുന്ന വിക്‌ടോറിയയ്ക്ക് ഈ ആശ്വാസം വലിയ സമാശ്വാസം പകരില്ല എന്നുതന്നെ പറയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :