വനിതാ എസ് ഐയെ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മര്‍ദ്ദിച്ചു!

ബാംഗ്ലൂര്‍| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (11:51 IST)
ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം കാണാനെത്തിയ ഐ എ എസ് ഉദ്യോഗസ്ഥന്റെ സഹധര്‍മ്മിണി വനിതാ പൊലീസ് ഇന്‍സ്‌പെക്ടറെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായി‍. അള്‍സൂര്‍ പൊലീസ് സ്റ്റേഷനിലെ വനിതാ ഇന്‍സ്‌പെക്ടര്‍ അഞ്ജുമാല നായിക്കിനാണ് മര്‍ദ്ദനമേറ്റത്. ഐ എ എസ് ഉദ്യോഗസ്ഥനായ പങ്കജ്കുമാര്‍ പാണ്ഡെയുടെ അനു ദുബെയാണ് (37) കേസില്‍ അറസ്റ്റിലായത്.

തിങ്കളാഴ്ച കര്‍ണാടക ബുള്‍ഡോസേഴ്‌സും മുംബൈ ഹീറോസും തമ്മില്‍ നടന്ന മത്സരം കാണാനെത്തിയതായിരുന്നു അനുവും സുഹൃത്തും. എന്നാല്‍ ഒരു വി ഐ പി പാസ് മാത്രമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. ഒരു പാസുമായി രണ്ടുപേരെ അകത്ത് കയറ്റില്ലെന്ന് അഞ്ജുമാല നായിക് വ്യക്തമാക്കി. ഇതേച്ചൊല്ലി തര്‍ക്കവുമുണ്ടായി. ഒടുവില്‍ അനു പൊലീസ് ഉന്നതരെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. ഉന്നതരുടെ ആജ്ഞ അനുസരിച്ച് ഗേറ്റിലെ പൊലീസുകാര്‍ ഇരുവരേയും അകത്തേക്ക് കയറ്റിവിടുകയും ചെയ്തു.

എന്നാല്‍ കളി കഴിഞ്ഞ്, രാത്രി 11 മണിയോടെ പുറത്തിറങ്ങിവന്ന അനു ഗേറ്റില്‍ വച്ച് വനിതാ എസ് ഐയെ മര്‍ദ്ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ഗേറ്റിലെ രഹസ്യക്യാമറ വ്യക്തമായി ഒപ്പിയെടുക്കുകയും ചെയ്തു. കൊലപാതകശ്രമത്തിന് അനുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പരുക്കേറ്റ വനിതാ എസ് ഐ ആശുപത്രിയിലാണിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :