രാജ്യത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതാവുന്ന പ്രദേശമായി മൈസൂര്‍ മാറുന്നതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. 2010-ല്‍ മാത്രം 550 പെണ്‍കുട്ടികളാണ് ഇവിടെ നിന്ന് അപ്രത്യക്ഷരായത് എന്നാണ് കണക്ക്.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സെക്സ് റാക്കറ്റുകള്‍ മൈസൂരില്‍ വലവിരിച്ചിരിക്കുന്നതായാണ് സൂചനകള്‍. ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികളെയാണ് ഇവര്‍ കെണിയിലാക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് മൈസൂരില്‍ നിന്ന് കടത്തപ്പെട്ട അനേകം പെണ്‍കുട്ടികള്‍ പിന്നെ ഇവിടേക്ക് തിരിച്ചെത്തിയിട്ടില്ല.
പെണ്‍മക്കളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതാകുമ്പോഴാണ് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 600 കേസുകളാണ് ഇത്തരത്തില്‍ റജിസ്‌റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ കേസന്വേഷണം പേരിന് മാത്രമേ നടക്കാറുള്ളൂ. നടപടിയെടുക്കുന്നതില്‍ പൊലീസ് അലംഭാവം കാട്ടാറാണ് പതിവെന്ന് ഗ്രാമവാസികള്‍ കുറ്റപ്പെടുത്തുന്നു.
കര്‍ണാടക സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും അനേകം പെണ്‍കുട്ടികള്‍ എല്ലാ വര്‍ഷവും അപ്രത്യക്ഷരാകുന്നുണ്ട്.