ധനുമാസക്കുളിര്‍ ചൂടി തിരുവാതിരയെത്തി

പീസിയന്‍

WEBDUNIA| Last Modified ഞായര്‍, 8 ജനുവരി 2012 (17:55 IST)
PRO
PRO
കുളങ്ങളും പുഴകളും മാഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു. ഏഴര വെളുപ്പിന്‌ എഴുന്നേറ്റുള്ള തുടിച്ചുകുളിയും ഉറക്കമിളച്ചുള്ള കൈകൊട്ടിക്കളിയും ചാനലില്‍ കാണുന്ന കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും നമ്മെ എന്തൊക്കെയോ ഓര്‍മിപ്പിക്കുന്നില്ലേ? തീര്‍ച്ചയായുമുണ്ട്!

സ്ത്രീകളുടെ മഹോത്സവമാണ് തിരുവാതിര. ഇക്കുറി, 2012-ല്‍, ജനുവരി 8 ഞായറാഴ്ചയാണ് ധനുമാസത്തിലെ തിരുവാതിര എത്തുന്നത്. വെളുത്ത വാവ് ദിവസമായ രാത്രിയാണ് ആര്‍ദ്രാ ജാഗരണം എന്ന ഉറക്കമൊഴിക്കല്‍ ചടങ്ങും ക്ഷേത്രങ്ങളിലെത്തി പാതിരാപ്പൂ ചൂടല്‍ച്ചടങ്ങും നടക്കുക.

തിരുവാതിര നോല്‍ക്കുന്നത് ഇഷ്ട പുരുഷനെ ലഭിക്കാനും നെടുമംഗല്യത്തിനും വേണ്ടിയാണ്. പരമശിവന്‍റെ ജന്മനക്ഷത്രമാണ് തിരുവാതിര. തിരുവാതിര ദിവസം വ്രതമനുഷ്ടിച്ച് ശ്രീ പാര്‍വ്വതി പരമശിവനെ വരനായി നേടിയെന്നാണ് ഐതിഹ്യം.

കാമദേവനും രതീദേവിയും പുനര്‍ജനിച്ചത് ഒന്നിച്ചതും ഇതേ നാളിലാണ് എന്നാണ് സങ്കല്പം. രതിദേവിയുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ കന്യകമാരും സുമംഗലിമാരും വ്രതമനുഷ്ടിക്കുന്നത് ധനുമാസത്തില്‍ വെളുത്ത വാവിനോട് ചേര്‍ന്ന തിരുവാതിര നാളിലാണ്.

മാര്‍ഗ്ഗശീര്‍ഷത്തിലെ - ധനുവിലെ തിരുവാതിര നക്ഷത്രത്തിലാണ് പരമശിവന്‍ അഗ്നിസ്തംഭരൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. സുമംഗലികള്‍ നീണ്ട വിവാഹ ജീവിതത്തിനും കന്യകമാര്‍ ഇഷ്ടമാംഗല്യത്തിനും തിരുവാതിര നോല്‍ക്കുന്നു. ആതിരയ്ക്ക് മുമ്പ് രേവതി നക്ഷത്രം മുതല്‍ തന്നെ ശിവാരാധനയും വ്രതാനുഷ്ടാനവും ചിലയിടങ്ങളില്‍ തുടങ്ങാറുണ്ട്.

ഇക്കാലത്ത് സ്ത്രീകള്‍ പുലര്‍ച്ചെ എഴുന്നേറ്റ് കൊടും തണുപ്പിനെ വകവയ്ക്കാതെ കുളങ്ങളില്‍ മുങ്ങിക്കുളിച്ച് തുടിക്കുന്നു. കൂവ വിരകിയതും കിഴങ്ങുകളും നേന്ത്രക്കായകളും ശര്‍ക്കരയും വന്‍പയര്‍, എള്ള്, കടല, ചോളം എന്നിവയും ചേര്‍ത്തുള്ള വിഭവങ്ങളും പുഴുക്കും മറ്റും കഴിക്കുകയും ചെയ്യുന്നു. ആരോഗ്യശാസ്ത്ര പരമായി ഇത് വരാനിരിക്കുന്ന ഉഷ്ണകാലത്തിനെ നേരിടാന്‍ ശരീരത്തെ ഒരുക്കുകയാണെന്ന് പറയാം.

തിരുവാതിര ദിവസം സ്ത്രീകള്‍ കൊടുവേലിപ്പൂവ് (പാതിരാപ്പൂവ്) ചൂടി ഉറക്കമൊഴിയുന്നു. അന്ന് സുമംഗലികള്‍ അഷ്ടദിക്‌പാലകന്മാരെയും ശിവനെയും പൂജിക്കുന്നു. ചിലയിടങ്ങളില്‍ ദശപുഷ്പങ്ങളും ചൂടാറുണ്ട്. അര്‍ദ്ധനാരീശ്വരനെയും പരമശിവനെയും സങ്കല്പിച്ച് വീട്ടുമുറ്റങ്ങളിലും പൂജ നടത്താറുണ്ട്.

തിരുവാതിര പ്രമാണിച്ച്‌ സുമംഗലികള്‍ ചെയ്തിരുന്ന മറ്റൊരു അനുഷ്ഠാനമാണു നൂറ്റെട്ട്‌ വെറ്റില തിന്നല്‍. കളിയടക്കയും നെയ്യൊഴിച്ച്‌ ചാലിച്ച ചുണ്ണാമ്പും ഉപയോഗിച്ചാണു വെറ്റില തിന്നുക. മകയിരം രാത്രി മുതല്‍ തിരുവാതിര രാത്രി വരെ ഉള്ള് സമയത്തിനുള്ളില്‍ തിന്നു തീര്‍ക്കണം എന്നതാണ് വ്യവസ്ഥ. സ്ത്രീകള്‍ക്ക്‌ ഒരു നിശ്ചിതകാലം കഴിയുമ്പോല്‍ അസ്ഥിക്ക്‌ ബലക്ഷയം വരാനുള്ള സാധ്യതയുണ്ട്. ഇതിനൊരു പരിഹാരം ആയിട്ട് കൂടിയാകണം ഈ ആചാരം പ്രചാരത്തിലായത്.

തിരുവാതിരയോട് അനുബന്ധിച്ച് തെക്കന്‍ മലബാറിലും തൃശൂര്‍, എറണാകുളം എന്നിവടങ്ങളിലും കൈകൊട്ടിക്കളിയും ഊഞ്ഞാലാട്ടവും പതിവാണ്. കൈകൊട്ടിക്കളിക്കും കുമ്മിക്കും തിരുവാതിരക്കളി എന്നു പേരുവന്നത് ഇവ തിരുവാതിര ഉത്സവകാലത്ത് സ്ത്രീകള്‍ പതിവായി കളിച്ചിരുന്നതു കൊണ്ടാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :