ലിബിഡോ നഷ്ടപ്പെടുന്നോ? ശ്രദ്ധിക്കണം

WEBDUNIA|
PRO
ലിബിഡോ അഥവാ ലൈംഗിക വാഞ്ച നഷ്ടമാവുന്നു എന്ന പരാതി ഇപ്പോള്‍ യുവതികള്‍ക്കിടയില്‍ വ്യാപകമാണത്രേ. ശാരീരിക ബന്ധത്തിന് ആഗ്രഹം ജനിക്കാത്ത ഈ അവസ്ഥയില്‍ യുവതികളെ കൊണ്ടു ചെന്നെത്തിക്കുന്നതില്‍ ഗര്‍ഭ നിരോധന ഗുളികകള്‍ക്കും വിഷാദരോഗങ്ങളെ നേരിടാനുള്ള മരുന്നുകള്‍ക്കും കുറവില്ലാത്ത പങ്കുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

വുമണ്‍സ് സെക്‍ഷ്വല്‍ ഹെല്‍ത്ത് എന്ന മാഗസിനിലാണ് യുവതികളുടെ ലിബിഡോ പ്രശ്നത്തെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ ലൈംഗിക ആഗ്രഹത്തെ കുറിച്ചുള്ള പലതരം പഠനങ്ങള്‍ വര്‍ഷങ്ങളായി നടന്നു വരികയാണ്. ആഗ്രഹം, ഉദ്ധാരണം, രതിമൂര്‍ച്ഛ എന്നിങ്ങനെയാണ് ലൈംഗിക പ്രകിയയെ ഗവേഷകര്‍ വിഭജിച്ചിരിക്കുന്നത്. ഇതില്‍ ലിബിഡോ അഥവാ ലൈംഗിക വാഞ്ചയെ മാനസികവും ബാക്കിയുള്ളവയെ ശാരീരികവുമായാണ് കരുതുന്നത്.

2008 ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ 18 നും 44 നും ഇടയിലുള്ള 31,000 സ്ത്രീകളെ നിരീക്ഷണ വിധേയരാക്കിയിരുന്നു. ഇവരില്‍ 10 ല്‍ ഒരാള്‍ എന്ന നിലയ്ക്ക് ലൈംഗിക ആഗ്രഹമില്ലായ്മയെ കുറിച്ച് പരാതി പറഞ്ഞിരുന്നു.

ബന്ധങ്ങളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളും മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കങ്ങളും ലൈംഗികതയോടുള്ള താല്‍‌പര്യം കുറയ്ക്കുന്നു. ഗര്‍ഭ നിരോധന ഗുളികകളും സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള മരുന്നുകളുമാണ് മിക്കപ്പോഴും ലൈംഗിക വാഞ്ച കുറയാന്‍ കാരണമാവുന്നത് എന്നും പുതിയ പഠനം നടത്തിയവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ മരുന്നുകളിലെ ഈസ്ട്രജനും പ്രൊജെസ്റ്റിറോണുമാണ് വില്ലന്മാരാവുന്നത്. ഇവ സ്ത്രീകള്‍ക്ക് ലൈംഗിക വാഞ്ച ജനിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോമോണിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പ്രശ്നമാവുന്നത് എന്ന് ക്ലീവ് ലാന്‍ഡ് ക്ലിനിക്കിലെ ഡോ. കരോലിന്‍ നെമെക് എബിസി വാര്‍ത്തകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

ലൈംഗികതയില്‍ ആഗ്രഹം ഇല്ലാതാവുന്നത് സ്ത്രീകളില്‍ കടുത്ത വിഷാദത്തിനും കാരണമാവുന്നു. ലൈംഗിക പരാജയബോധമാണ് ഇവരെ കടുത്ത വേദനയിലേക്ക് നയിക്കുന്നത്. ചീത്ത ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന കുറ്റബോധവും പലയുവതികളുടെയും ലൈംഗിക ആഗ്രഹത്തെ കുറയ്ക്കുന്നു എന്നും പഠനം നടത്തിയവര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :