സജിത്ത്|
Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (12:58 IST)
ചില ആളുകളുണ്ട്, വിളിച്ചുപറയുകയോ മുന്‍കൂട്ടി അറിയിക്കുകയോ ചെയ്യാതെ ഏതുവീട്ടിലേക്കും ഏതുസമയത്തും കടന്നുചെല്ലുന്നവര്‍. അവരെ സ്വീകരിക്കാനോ പരിചരിക്കാനോ ഒരു രീതിയിലും തയ്യാറെടുത്തിട്ടില്ലാത്ത വീട്ടുകാര്‍ ആ ബുദ്ധിമുട്ടും അനിഷ്ടവും അവരെ കാണിക്കാതെ തന്നെ അവര്‍ക്ക് ആതിഥ്യമരുളും.
എന്നാല്‍ ഇതൊരു നല്ല രീതിയല്ല എന്നതാണ് സത്യം. മുന്‍കൂട്ടി അറിയിക്കാതെ ഒരു വീട്ടിലേക്കും ചെല്ലരുത് എന്നത് മര്യാദയുടെ ഭാഗമാണ്. നേരത്തേകൂട്ടി അറിയിച്ചാല്‍ അവര്‍ എന്തെങ്കിലുമൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കുമെന്നും അതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകേണ്ടെന്ന് കരുതിയാണ് അറിയിച്ചിട്ട് പോകാത്തതെന്നും ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും എന്ന് അതിഥികള്‍ അറിയേണ്ടതാണ്. അറിയിക്കാതെ ചെന്നാല്‍ വീട്ടുകാര്‍ വിഭവങ്ങള്‍ പെട്ടെന്നൊരുക്കാനുള്ളതിന്റെ സമ്മര്‍ദ്ദം കൂടി അനുഭവിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.
തങ്ങള്‍ വീട്ടിലേക്ക് വരികയാണെന്നും സ്പെഷ്യലായി ഒന്നും ഉണ്ടാക്കരുതെന്നും സ്നേഹപൂര്‍വം നേരത്തേ അറിയിക്കുന്നതിന് ഔചിത്യവും മര്യാദയും കൂടും. അല്ലെങ്കില്‍ ഇങ്ങനെ പറയാം - “ഞാന്‍ അങ്ങോട്ടുവരുന്നു. നിങ്ങള്‍ കഴിക്കുന്നതിന്‍റെ പങ്ക് എനിക്കും തരണം”. ഒരു നല്ല അതിഥി എങ്ങനെ ആയിരിക്കണം എന്നതിന് ഒരുപാട് ഉത്തരങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ ഏറ്റവും നല്ല ഉത്തരം ഇതാണ് - നിങ്ങള്‍ക്ക് ആതിഥ്യം നല്‍കിയവര്‍ വീണ്ടും വീണ്ടും നിങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കും വിധം നല്ല അതിഥിയായി മാറുക!
നിങ്ങള്‍ അതിഥിയായി എത്തുന്ന വീട്ടില്‍ എല്ലാവരോടും സ്നേഹത്തോടെയും സൌഹൃദത്തോടെയും പെരുമാറുക. ആ വീടുമായി പെട്ടെന്ന് അടുത്ത് ചേരുക. അവരുടെ തമാശകളിലും കാര്യങ്ങളിലും നിങ്ങളും ഭാഗഭാക്കാവുക. അവര്‍ ചെയ്യുന്ന ജോലികളില്‍ അവരെ സഹായിക്കാനുള്ള മനസ് കാണിക്കുക. മുതിര്‍ന്നവരോട് ബഹുമാനവും വിനയവും കാണിക്കുക.
ഒരുകാര്യം ശ്രദ്ധിക്കണം. നിങ്ങള്‍ ആ വീട്ടില്‍ എത്തിയതില്‍ വീട്ടിലുള്ളവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി നിങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ പിന്നെ അധികസമയം അവിടെ നില്‍ക്കാതെ യാത്ര പറഞ്ഞിറങ്ങാം. ആതിഥേയരുടെ ഭാഗത്ത് എന്തെങ്കിലും അനിഷ്ടമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവിടെ കൂടുതല്‍ സമയം ചെലവഴിക്കാനോ രാത്രി താമസിക്കാനോ നില്‍ക്കാതെ മടങ്ങുന്നതുതന്നെയാണ് നല്ലത്.
നിങ്ങള്‍ ഒരു വീട്ടില്‍ അതിഥിയായി ചെല്ലുമ്പോള്‍, നിങ്ങള്‍ അവിടെ ചെന്നത് ഒരു ഗുണമായി എന്ന് അവര്‍ക്ക് തോന്നത്തക്ക വിധത്തിലാവണം പെരുമാറേണ്ടത്. എല്ലാവരോടും ചിരിച്ചുകൊണ്ട് പ്രസന്നമായ മുഖത്തോടെ സംസാരിക്കാനാണ് ശ്രമിക്കേണ്ടത്. നിങ്ങള്‍ ആ വീടിനെ കൂടുതല്‍ ഐശ്വര്യമുള്ള വീടാക്കിമാറ്റിയെന്ന് വീട്ടുകാര്‍ക്ക് തോന്നണം.
ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളും ആതിഥേയര്‍ക്കൊപ്പം വിളമ്പിക്കൊടുക്കാനും സഹായിക്കാനും കൂടാവുന്നതാണ്. ആതിഥേയര്‍ എല്ലാവരും നിങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തീന്‍മേശ മര്യാദ കൃത്യമായും പാലിക്കണം.
രാത്രി താസമിക്കുന്നുണ്ടെങ്കില്‍ അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ വേണം നിങ്ങളുടെ പെരുമാറ്റം. അവിടെ ലഭിക്കുന്ന മിതമായ സൌകര്യം മാത്രം ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക. ഉറങ്ങാന്‍ എ സി റൂമും വൈഫൈയും വേണമെന്നൊന്നും വാശിപിടിക്കാതിരിക്കുക.
ഒരു കാര്യം എപ്പോഴും ഓര്‍മ്മവയ്ക്കുക. നല്ല ആതിഥേയരാകുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് നല്ല അതിഥിയാകാന്‍. എന്നും എവിടെയും നല്ല അതിഥിയാകാന്‍ ശ്രമിക്കുക.