അടുക്കളയിലെ മാന്ദ്യം

WEBDUNIA| Last Modified ശനി, 10 ജനുവരി 2009 (17:48 IST)
മാലോകരുടെ കീശയില്‍ പിടിച്ചുള്ള കളിയായിരുന്നു അവന്‍റേത്. ഒള്ളതൊക്കെ എടുക്കുകയും ചെയ്തു, എന്നാല്‍ കീശയിലേക്ക് ഒന്നും ഇട്ടതുമില്ല! എങ്ങനെയുണ്ട് കക്ഷി, പുലിയാണല്ലേ? കായംകുളം കൊച്ചുണ്ണിയുടെ കാര്യമൊന്നുമല്ല പറഞ്ഞു വരുന്നത്. പിന്നെ ആരെന്നല്ലേ?

വിളിക്കാതെ വന്ന വിരുന്നുകാരനെ പോലെയെത്തിയിട്ട് പോകാതെ നില്‍ക്കുന്ന ഒരു കക്ഷിയുണ്ടല്ലോ, ആ‍ അവന്‍ തന്നെ. മാന്ദ്യം! ആഗോള സാമ്പത്തിക മാന്ദ്യം!

ഈ മാന്ദ്യത്തിനെന്താ അടുക്കളയില്‍ കാര്യം എന്നാണോ? കാ‍ര്യമുണ്ട്. നമ്മുടെ അമ്മമാരും ഭാര്യമാരും ഇപ്പോള്‍ വെച്ച് തരുന്ന കഞ്ഞിക്കും ചമ്മന്തിക്കും പോലും ഈ മാന്ദ്യത്തിന്‍റെ മണമുണ്ട്. അത്രമാത്രം നമ്മുടെയൊക്കെ നിത്യ ജീവിതത്തിലേക്ക് ബുള്‍ഡോസറിനെ പോലെ അവന്‍ ഇടിച്ചു കയറി കഴിഞ്ഞിരിക്കുന്നു.

ദിനം പ്രതി അടുക്കളയിലേക്ക് എത്തുന്ന സാധനങ്ങള്‍ എത്രപെട്ടെന്നാണ് രൂപവും ഭാവവും മാറിയെത്തിയത്. കോഴിക്കാലിന്‍റെ സ്ഥാനത്ത് കോളിഫ്‌ളവറും ചിക്കന്‍ ന്യൂഡില്‍സിന്‍റെ സ്ഥാനത്ത് ഇടിയപ്പവും ഇടം പിടിച്ചത് മിന്നല്‍ വേഗത്തിലായിരുന്നു.

ഐ ടി കമ്പനികളില്‍ പലര്‍ക്കും ജോലി നഷ്‌ടപ്പെട്ടു, പെര്‍ഫോമന്‍സ് നല്ലതല്ല എന്നു പറഞ്ഞ്. മാന്ദ്യം എല്ലാവരെയും പിടി കൂടിയപ്പോഴും ഭക്ഷണത്തെ ബാധിക്കാതിരിക്കാന്‍ അമ്മമാരും പെങ്ങന്മാരും ആണ് പാടുപെട്ടത്, പാടുപെട്ടു കൊണ്ടിരിക്കുന്നത്. സാധനങ്ങള്‍ക്ക് വില കൂടിയതും വരവ് ചുരുങ്ങിയതും അടുക്കളയുടെ സൌന്ദര്യം തന്നെയാണ് കെടുത്തി കളഞ്ഞത്. ഇനി കാത്തിരിക്കുകയേ നിവൃത്തിയുള്ളു, അടുക്കളയുടെ ആ വസന്ത കാലത്തിനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :