സര്‍വ്വ വേദങ്ങള്‍ക്കും അധിപതി - വിനായകന്‍ !

ഗണേശ ചതുര്‍ത്ഥി, വിനായക ചതുര്‍ത്ഥി, Ganesha Chathurthi, Vinayaka Chathurthi
Last Modified ശനി, 24 ഓഗസ്റ്റ് 2019 (16:18 IST)
സര്‍വ്വ വിഘ്നങ്ങളെയും ഒഴിവാക്കുന്ന ഈശ്വരന്‍ എന്നുള്ള രീതിയിലാണ് ഹിന്ദുക്കള്‍ ഗണപതി പൂജ നടത്തുന്നത്.

ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വ വിഘ്നോപശാന്തയേ

എന്ന സ്തുതിഗീതത്തിന്‍റെ പൊരുളും മറ്റൊന്നല്ല. വേദങ്ങളില്‍ ഗണപതിയെ ജ്യേഷ്ഠരാജനായും ബ്രഹ്മണസ്പദിയായും വിവരിക്കുന്നു.

ഗണാനാം ത്വാ ഗണപതി ഗും ഹവാമഹേ
കവിം കവീനാം ഉപമശ്രവസ്തമ
ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പദ
ആനശൃണ്വനന്ന് ഊതിഭി: സീതസാദനം

എന്ന വേദമന്ത്രത്തില്‍ ആദ്യമുണ്ടായവനാണ് ഗണപതിയെന്നും സര്‍വ്വ വേദങ്ങള്‍ക്കും അധിപതിയാണ് എന്നും വരുന്നു. അതുകൊണ്ടാണ് പാര്‍വ്വതിയുടെ വിവാഹത്തില്‍ പോലും ഗണപതി പൂജ നടത്തിയത് എന്ന് നമുക്ക് കരുതാവുന്നതാണ്.

കരിഷ്യമാണ: ഏതദ് കര്‍മ്മണ:
അവിഘ്നേന പരിസമാപ്ത്യര്‍ത്ഥം
ആദൌ വിഘ്നേശ്വര പൂജാം ച കരിഷ്യേ

ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഈ കര്‍മ്മത്തിന്‍റെ തടസ്സം കൂടാതെയുള്ള പൂര്‍ത്തീകരണത്തിനായി വിഘ്നേശ്വര പൂജ ഇപ്പോള്‍ ചെയ്യാം എന്നാണ് ഈ മന്ത്രത്തിന്‍റെ അര്‍ത്ഥം. എല്ലാ വിഘ്നങ്ങളെയും മാറ്റി കര്‍മ്മം ശുഭവും പരിപൂര്‍ണ്ണവും ആക്കാന്‍ ആണ് ഗണപതി പൂജ ചെയ്യുന്നത്.

മുമ്പെല്ലാം കാവ്യ രചനയ്ക്ക് ആദ്യം ഗണപതി സ്തുതിയായിരുന്നു ഉണ്ടായിരുന്നത്. എഴുത്തിനിരുത്തുമ്പോള്‍ ഹരി: ശ്രീ ഗണപതയേ നമ: എന്ന് എഴുതിയേ തുടങ്ങാ‍റുള്ളു.

വിനായകന്‍ ഇല്ലെങ്കില്‍ വേദപൂജ പൂജ്യമായിരിക്കും. യോഗശാസ്ത്രത്തില്‍ വിനായകന്‍ പ്രണവ സ്വരൂപിയാണ്. ആനയുടെ ശബ്ദം ഓങ്കാരത്തോട് അടുത്തു നില്‍ക്കുന്നു എന്നാണ് സങ്കല്‍പ്പം. വേദോപനിഷത്തുകളില്‍ ഗണപതിയെ സര്‍വ്വവ്യാപിയും പ്രപഞ്ച സ്വരൂപിയുമായിട്ടാണ് വര്‍ണ്ണിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :