ആര്‍ദ്രാജാഗരണം

തിരുവാതിരവ്രതം സ്ത്രീകളുടേത് മാത്രമായ വ്രതമാണ്

WEBDUNIA|
ധനുമാസത്തിലെ മരംകോച്ചുന്ന തണുപ്പില്‍, നിറനിലാവ് പതഞ്ഞൊഴുകുന്ന രാവുകടന്ന്,
ഏഴരവെളുപ്പിന് കടവില്‍ തുടിച്ചു കുളിച്ച്, ഈറനോടുകൂടി വരമഞ്ഞള്‍ കുറിയിണിഞ്ഞ് ദശപുഷ്പം ചൂടി , ശൃംഗാരാവസ്ഥയിലെ പാര്‍വ്വതീപരമേശ്വരന്മാരെ വണങ്ങി ആര്‍ദ്രവ്രതത്തിന് മലയാളി പെണ്‍കൊടികള്‍ തുനിയുന്ന ദിനമാണിത്.

ധനുമാസത്തിന്‍റെ പൗര്‍ണമി പക്ഷത്തില്‍ രേവതിനാള്‍ മുതല്‍ തിരുവാതിര വരെ ഏഴുദിവസമാണ് തിരുവാതിരക്കുളി.

വരാനിരിക്കുന്ന ഉഷ്ണകാലത്തില്‍ നിന്നും ഉഷ്ണജ-ന്യമായ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷ്ക്കനായി പൂര്‍വികര്‍ കന്‍റെത്തിയ ഉപായമാണ് ഈ തുടിച്ചുകുളി എന്നു കരുതുന്നതില്‍ തെറ്റില്ല

വിളക്ക്, കുറിക്കൂട്ട്, വസ്ത്രം, ദശപുഷ്പങ്ങള്‍ ഇവയെല്ലാമെടുത്ത് പുലര്‍ച്ചെ തുണുത്തുറഞ്ഞ വെള്ളത്തില്‍ അംഗനമാര്‍ പാട്ടുപാടി തുടിച്ചു കുളിക്കും.

അശ്വതി നാള്‍ അശ്വമുഖം കാണും മുന്‍പ്, ഭരണി നാള്‍ പ്രകാശം പരക്കും മുന്‍പ്, കാര്‍ത്തിക നാള്‍ കാര്‍ത്തിക കരയും മുന്‍പ്, രോഹിണി നാള്‍ രോമം കാണും മുന്‍പ്, മകയിരം നാള്‍ മക്കളുണരും മുമ്പ്, തിരുവാതിരനാള്‍ ഭര്‍ത്താവുണരും മുമ്പ് കുളിക്കണമെന്നു വയ്പ്.

പിന്നീട് കരയുള്ള വെളുത്ത വസ്ത്രം ധരിച്ച്, ചന്ദനം, വരമഞ്ഞള്‍ക്കുറി, കുങ്കുമം എന്നിവ തൊട്ട്, കണ്ണെഴുതി ദശപുഷ്പം ചൂടി പാര്‍വ്വതി സ്വയംവരകഥ പാടി പൂജയ്ക്കൊരുങ്ങുന്നു.

ആര്‍ദ്രാജാകരണം

ആര്‍ദ്രാജാഗരണത്തിന് കന്യകമാരും സുമംഗലിമാരും അരിപ്പൊടി കലക്കി അലങ്കരിച്ച അമ്മിക്കുഴവിയെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ നടുമുറ്റത്ത് പ്രതിഷ്ഠിക്കുന്നു.

വിളക്കിനെ ഗണപതിയായി സങ്കല്‍പിച്ച് പൂജ നടത്തുന്നു. തിരുവാതിര പുലരുമ്പോള്‍ തുടിച്ച് കുളിച്ച് കരിക്ക്, പഴം, അട, അവല്‍, മലര്‍ ഇവയെല്ലാം നിവേദിച്ച് കൂവ കുറുക്കിയതും കഴിക്കുന്നു.

ഉച്ചയ്ക്ക് അരിയാഹാരം പാടില്ല. അതിനാല്‍ ഗോതമ്പ്, ചാമ എന്നിവയുണ്ടാക്കി. തിരുവാതിരപ്പുഴുക്ക് കൂട്ടിക്കഴിക്കുന്നു.

അര്‍ദ്ധനാരീശ്വരപൂജ കഴിഞ്ഞാല്‍ അഷ്ടദിക്ക്പാലക സങ്കല്‍പ്പത്തില്‍ എട്ടു ദിക്കുകളിലും അര്‍ച്ചന നടത്തുകയും ചെയ്യുന്നു. ബാക്കിയുള്ള പൂജാപാത്രം മുകളിലേക്കുയര്‍ത്തി അരുന്ധതീദേവിയെന്ന സങ്കല്‍പ്പത്താല്‍ പൂജ ചെയ്യുന്നു.

ദീര്‍ഘമാംഗല്യപ്രാര്‍ത്ഥനയോടെയാണ് പൂജ അവസാനിപ്പിക്കുന്നത്. ശ്രീ പാര്‍വതീസ്വയംവരം, മംഗലാതിര എന്നീ പാട്ടുകള്‍ പാടി തിരുവാതിര കളിക്കുന്നു. നേരം പുലരും വരെയാണ് തിരുവാതിരക്കളി.

പിറ്റേന്ന് രാവിലെ വീണ്ടും തുടിച്ച് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം കുടിച്ച് പാരണ വീടുന്നു. തീര്‍ത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കുന്നതിനാണ് പാരണവീടുക എന്ന് പറയുക. അതു കഴിഞ്ഞാല്‍ മാത്രമേ അരി ഭക്ഷണം പറയുന്നത് കഴിക്കാന്‍ പാടുള്ളു.

വരാന്‍ പോകുന്ന ഉഷ്ണകാലത്തെ പ്രതിരോധിക്കാന്‍ തക്ക ആരോഗ്യവും കരുത്തും ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ഈ കഠിനവ്രതം വഴി സ്ത്രീകള്‍ക്ക് കൈവരുന്നു.

അങ്ങനെ ആരോഗ്യവും സന്തോഷവും ഉല്ലാസവും പ്രദാനം ചെയ്ത് സ്ത്രീകളുടെ പെതുവേയുള്ള ജീവതിരീതിയെ പോഷിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി തിരുവാതിരവ്രതത്തിനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :