ഭക്ഷണപ്രിയനാണ് ഗണപതി. കുംഭയില്‍ കൊള്ളാത്തതായി ഒന്നുമില്ല. ഗണപതി പ്രാതലിനെ പറ്റി രസകരമായ ഒരു കഥ തന്നെയുണ്ട്. ചോറു വിളമ്പി കഴിഞ്ഞ് കൂട്ടാനെത്തുന്നതിന് മുന്‍പ് ഗണപതി ചോറു മുഴുവന്‍ അകത്താക്കി.
പിന്നെ കൂട്ടാന്‍ മാത്രമായി കഴിച്ചു. വീണ്ടും ചോറെത്തുമ്പോഴേക്കും കൂട്ടാനും കാലിയായിരുന്നു. ഇങ്ങനെയുള്ള ഗണപതിയുടെ ശാപ്പാട് വിശേഷത്തെ ശതഗുണീഭവിച്ച് സ്മരിക്കുന്നതാണ് ആ കഥ.
മോദക പ്രിയനാണ് ഗണപതി. ഉണ്ണിയപ്പം, പൂര്‍ണ്ണം (മധുര കുഴക്കട്ട), അവില്‍, മലര്‍ എന്നിവയൊക്കെ ഗണപതിയുടെ ഇഷ്ട ഭോജ്യങ്ങളാണ്.
ഇലകളും പ്രിയം
പൂക്കളെന്നപോലെ ഇലകളും വിഘ്നേശ്വരന് പ്രിയതരമാണ്. കറുകപ്പുല്ല്, കത്തിരിയില, ചുണ്ട, അഗത്തിയില, ആലില, എരിക്കില, വെറ്റില എന്നിവ കൊണ്ടുള്ള അര്‍ച്ചനയെല്ലാം പല തരത്തിലുള്ള സദ്ഫലങ്ങള്‍ തരും എന്നാണ് വിശ്വാസം.
കത്തിരിയില അര്‍പ്പിച്ചാല്‍ ലക്ഷ്മീ കടാക്ഷവും വെള്ള എരിക്കില സകല സൌഭാഗ്യങ്ങളും, ആലില ശത്രുനാശവും അഗത്തിയില ദുരിത നാശവും, എരിക്ക്, മരുത് സമേതമുള്ള ജലാര്‍ച്ചന സന്താന സൌഭാഗ്യവും തരും എന്നും മാതള ഇല കൊണ്ടുള്ള പൂജ- സദ്കീര്‍ത്തി നല്‍കും എന്നുമാണ് വിശ്വാസം.